ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവം; ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഹോട്ടൽ അടിച്ചു തകർത്തു

കോട്ടയം: ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സ് മരിച്ച സംഭവത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ പ്രതിഷേധം. ഹോട്ടലിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർ സ്ഥാപനം അടിച്ചുതകർത്തു. സി.സി.ടി.വി കാമറകളും ബോർഡും ഹോട്ടലിന് മുന്നിലെ ചെടിച്ചട്ടികളുമെല്ലാം നശിപ്പിച്ചിട്ടുണ്ട്. കോട്ടയം സംക്രാന്തിയിലുള്ള ‘മലപ്പുറം കുഴിമന്തി’ എന്നഹോട്ടലിന് നേരെയാണ് പ്രതിഷേധം. കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സ് രശ്മി രാജ് (33) ആണ് ഇതേ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി മരിച്ചത്.
ഹോട്ടലിൽനിന്ന് ഡിസംബർ 29ന് അൽഫഹമും കുഴിമന്തിയും കഴിച്ച രശ്മിക്ക് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഛർദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ ആരോഗ്യനില മോശമായതിനെത്തുടർന്നാണ് ഞായറാഴ്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നത്. ആന്തരിക അവയവങ്ങളിലുണ്ടായ അണുബാധ കാരണമാണ് മരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഗാന്ധിനഗർ പൊലീസ് രശ്മിയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഈ ഹോട്ടലിൽനിന്ന് തന്നെയാണോ രശ്മി ഭക്ഷണം കഴിച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഇത് ഹോട്ടലുകാരെ സംരക്ഷിക്കാനുള്ള നീക്കമാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. പരിശോധനക്കായി സാമ്പിൾ ശേഖരിച്ചില്ലെന്നും ആക്ഷേപമുണ്ട്. പരാതിയുമായി മുന്നോട്ടു പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
ഈ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച മറ്റ് 20 പേർ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലുണ്ട്. സംഭവത്തെത്തുടർന്ന് അധികൃതർ ഹോട്ടൽ പൂട്ടിച്ചു.
ftujg