കേരള സർവകലാശാല സെനറ്റ് കമ്മിറ്റിയിലെ 15 അംഗങ്ങളെ പിൻവലിച്ച് ഗവർണർ


കേരള സർവകലാശാല സെനറ്റ് അംഗങ്ങൾക്കെതിരേ അസാധാരണ നടപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. കേരള സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനുള്ള സേർച്ച് കമ്മിറ്റി പ്രതിനിധിയെ നിശ്ചയിക്കേണ്ട യോഗത്തിൽ വിട്ടു നിന്ന സർവകലാശാല സെനറ്റ് കമ്മിറ്റിയിലെ 15 അംഗങ്ങളെ ഗവർണർ പിൻവലിച്ചു.  ചാൻസലർ എന്ന നിലയിൽ ഗവർണർ നോമിനേറ്റ് ചെയ്ത പ്രതിനിധികളെ പിൻവലിക്കാൻ ഗവർണർക്ക് അധികാരം നൽകുന്ന കേരള സർവകലാശാലാ ആക്ടിലെ വ്യവസ്ഥകൾ അനുസരിച്ചാണു നടപടി. സംസ്ഥാന സർക്കാർ നിർദേശ പ്രകാരമായിരുന്നു സെനറ്റ് യോഗത്തിൽ നിന്ന് ഇടതു പ്രതിനിധികൾ വിട്ടു നിന്നത്.  ഇതേ തുടർന്ന് വിസിയെ തെരഞ്ഞെടുക്കാനുള്ള സേർച്ച് കമ്മിറ്റി യോഗം ക്വാറം തികയാത്തതിനാൽ പിരിയുകയായിരുന്നു. ഈ കാരണം ചൂണ്ടിക്കാട്ടി ഗവർണർക്ക് സർവകലാശാല രജിസ്ട്രാർ കത്തും നൽകി. തുടർന്ന് സേർച്ച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കാൻ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിന്‍റെ വിശദാംശങ്ങളും ഗവർണർ തേടി. തുടർന്നാണ് ഗവർണറുടെ നിർദേശം ലംഘിച്ച് അനധികൃതമായി വിട്ടു നിന്നവർക്കെതിരേ നടപടി സ്വീകരിച്ചത്. പ്രതിപക്ഷ അംഗങ്ങൾ മാത്രമായിരുന്നു യോഗത്തിൽ പങ്കെടുത്തത്.

നേരത്തെ, ഗവർണറുടെ നടപടിക്കെതിരേ സെനറ്റ് യോഗം ചേർന്നു പ്രമേയം പാസാക്കിയിരുന്നു. ഏകപക്ഷീയമായി സെനറ്റ് പ്രതിനിധിയെ നിശ്ചയിച്ച ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു പ്രമേയം. നിലവിലെ വിസി. ഡോ. വി.പി. മഹാദേവൻപിള്ളയുടെ കാലാവധി ഈ മാസം 24ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ വിസി നിയമന നടപടിയുമായി ഗവർണർ മുന്നോട്ടു പോകുന്നത്.

article-image

jk

You might also like

  • Lulu Exchange
  • Straight Forward

Most Viewed