വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റിന്‍റെ താത്കാലിക ചുമതല പി.കുഞ്ഞാവു ഹാജിക്ക്

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റിന്‍റെ താത്കാലിക ചുമതല മലപ്പുറം ജില്ലാ പ്രസിഡന്‍റും സംസ്ഥാന വൈസ് പ്രസിഡന്‍റുമായ പി.കുഞ്ഞാവു ഹാജിക്കു നൽകി. തൃശൂരിൽ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ഈ തീരുമാനമെടുത്തത്. സംസ്ഥാന പ്രസിഡന്‍റ് ടി.നസിറുദീന്‍റെ നിര്യാണത്തെതുടർന്നാണ് ചുമതല കൈമാറിയത്.
1977 മുതൽ വ്യാപാര രംഗത്തുള്ള കുഞ്ഞാവു ഹാജി 21 വർഷമായി ഏകോപന സമിതിയുടെ മലപ്പുറം ജില്ലാ പ്രസിഡന്‍റാണ്. വ്യാപാരികളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള സമരങ്ങളിൽ മുന്‍നിരയിൽ നിന്നു പ്രവർത്തിക്കുന്ന നേതാവാണ് ഇദ്ദേഹം. പത്തു വർഷമായി സംസ്ഥാന വൈസ് പ്രസിഡന്‍റാണ്.
കുറ്റിപ്പുറത്തെ സുബൈദ സ്റ്റോർ ഉടമയാണ്. റസിയയാണ് ഭാര്യ. മക്കൾ: അബ്ദുൾ നാസർ(ബിസിനസ്), അബ്ദുൾ സത്താർ (ഗൾഫ്), അബ്ദുൾ ഗഫൂർ (അഡ്വക്കറ്റ്), അബ്ദുൾ ഷാജി (ഗൾഫ്), സുബൈദ.