സിൽ‍വർ‍ ലൈൻ;‍ ഇത്തരം വലിയ പദ്ധതികൾ‍ പോർ‍വിളിച്ചും ജനങ്ങളെ ഭീഷണിപ്പെടുത്തിയുമല്ല നടപ്പാക്കേണ്ടതെന്ന് ഹൈക്കോടതി


സിൽ‍വർ‍ ലൈനിൽ‍ വിമർ‍ശനവുമായി ഹൈക്കോടതി. ഇത്തരം വലിയ പദ്ധതികൾ‍ പോർ‍വിളിച്ചും ജനങ്ങളെ ഭീഷണിപ്പെടുത്തിയുമല്ല നടപ്പാക്കേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞു. വീടുകളിലേക്കുള്ള പ്രവേശനം പോലും തടഞ്ഞ് വലിയ അതിരടയാള കല്ലുകൾ‍ സ്ഥാപിക്കുന്നത് അനുവദിക്കാനാകില്ല. പദ്ധതിയിൽ‍ കേന്ദ്ര സർ‍ക്കാർ‍ നിലപാടിനെ കുറിച്ച് വ്യക്തതയില്ല. കേന്ദ്രസർ‍ക്കാരിനും റെയിൽ‍വേയ്ക്കും വിഷയത്തിൽ‍ ഭിന്ന താത്പര്യമുണ്ടെന്നും ഹൈക്കോടതി വിമർ‍ശിച്ചു. കേന്ദ്രസർ‍ക്കാരിനും റെയിൽ‍വേയ്ക്കും വേണ്ടി ഒരേ അഭിഭാഷകൻ ഹാജരാകുന്നത് ശരിയല്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

പദ്ധതിയെ കുറിച്ച് കേന്ദ്രം നിലപാട് വ്യക്തമാക്കണം. കോടതിയെ ഇരുട്ടത്ത് നിർ‍ത്തുകയാണ് കേന്ദ്രം ചെയ്യുന്നത്. കല്ലിടലിന്റെ പേരിൽ‍ വലിയ കോൺ‍ക്രീറ്റ് തൂണുകൾ‍ സ്ഥാപിക്കാൻ പാടില്ല. സർ‍വേ ആക്ട് പ്രകാരമുള്ള കല്ലുകൾ‍ മാത്രമേ സ്ഥാപിക്കാന്‍ പാടുള്ളൂ. നിയമപ്രകാരം സർ‍വേ നടത്തുന്നതിന് കോടതി എതിരല്ല. എല്ലാ നിയമങ്ങളും പാലിച്ച് വേണം സിൽ‍വർ‍ ലൈന്‍ നടപ്പാക്കാന്‍. തിടുക്കം കാണിച്ചിട്ട് ഒരു കാര്യവുമില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി.

സിൽ‍വർ‍ ലൈൻ പദ്ധതിക്കെതിരായ ഹർ‍ജി ഈ മാസം 21ലേക്ക് മാറ്റി. സാമൂഹികഘാത പഠനം പൂർ‍ത്തിയാക്കാതെ ആണ് പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നത് എന്നാണ് ഹർ‍ജിക്കാരുടെ ആരോപണം. ഇത് നിയമ വിരുദ്ധം എന്ന് ഹർ‍ജിക്കാർ‍ പറയുന്നു. കോട്ടയം, തൃശൂർ‍, കോഴിക്കോട് സ്വദേശികൾ‍ ആണ് ഹർ‍ജിയുമായി കോടതിയെ സമീപിച്ചത്.

സിൽ‍വർ‍ ലൈൻ പദ്ധതിക്ക് കേന്ദ്ര സർ‍ക്കാർ‍ അനുമതിയുണ്ടെന്നും എഐഐബി, കെ എഫ് ഡബ്‌ള്യുബി, എഡിബി എന്നിവയുമായി ചർ‍ച്ച പൂർ‍ത്തിയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. വായ്പയ്ക്ക് നീതി അയോഗിന്റേയും കേന്ദ്ര−ധന റെയിൽ‍ മന്ത്രാലയങ്ങളുടെയും അംഗീകാരമുണ്ടെന്നും ഒപ്പം ജപ്പാന്‍ ബാങ്കിന്റെ പിന്തുണയും സിൽ‍വർ‍ ലൈൻ പദ്ധതിക്കുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed