പി.ടി.തോമസ് എം.എൽ.എ അന്തരിച്ചു


തിരുവനന്തപുരം 

തൃക്കാക്കര എംഎൽഎയും കെപിസിസി വർക്കിംഗ് പ്രസിഡന്‍റും എഐസിസി അംഗവുമായ പി.ടി.തോമസ് (70) അന്തരിച്ചു. വെല്ലൂർ ക്രിസ്റ്റ്യൻ മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. അർബുദ ബാധിതനായിരുന്ന അദ്ദേഹം അടുത്തകാലത്തായി ക്ഷീണിതനായിരുന്നു. ഇതേതുടർന്നാണ് വെല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുറച്ചു ദിവസങ്ങളായി അതീവ ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെ 10.15-നാണ് മരിച്ചത്. തുടർച്ചയായ രണ്ടാം തവണ തൃക്കാക്കര മണ്ഡലത്തിൽ നിന്നും വിജയിച്ച പി.ടി നിലവിൽ കോണ്‍ഗ്രസ് നിയമസഭാ കക്ഷി സെക്രട്ടറിയാണ്. തൊടുപുഴയെ പ്രതിനിധീകരിച്ച് മുൻപ് രണ്ടു തവണ എംഎൽഎയായ അദ്ദേഹം ഇടുക്കിയിൽ നിന്നും ഒരുതവണ പാർലമെന്‍റിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്‍റെ മാനേജിംഗ് ഡയറക്ടറായും എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

ഇടുക്കി ജില്ലയിലെ ഉപ്പുതോട്ടിൽ 1950 ഡിസംബർ 12ന് ജനിച്ച അദ്ദേഹം വിദ്യാർഥി സംഘടനയായ കെഎസ്‌യു വഴിയാണ് പൊതുരംഗത്ത് എത്തുന്നത്. 1980-ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ പി.ടി 1980 മുതൽ കെപിസിസി, എഐസിസി അംഗമാണ്. 1990-ൽ ഇടുക്കി ജില്ലാ കൗൺസിൽ അംഗമായി. 2007-ൽ ഇടുക്കി ഡിസിസിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. 1991-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൊടുപുഴയിൽ നിന്നാണ് ആദ്യം എംഎൽഎയായത്. പിന്നീട് 2001-ൽ വീണ്ടും തൊടുപുഴയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. 1996, 2006 വർഷങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽ മത്സരിച്ചെങ്കിലും പി.ജെ.ജോസഫിനോട് തോൽവി ഏറ്റുവാങ്ങി. പിന്നീട് 2016-ൽ തൃക്കാക്കരയിൽ മത്സരിക്കാനെത്തിയ പി.ടി അവിടെയും അപ്രതീക്ഷത ജയം നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പിലും വിജയം ആവർത്തിക്കുകയായിരുന്നു. 2009-ലെ ലോക്സഭ തെഞ്ഞെടുപ്പിലാണ് ഇടുക്കിയിൽ നിന്ന് ലോക്സഭയിലേയ്ക്ക് വിജയിച്ചത്. പരിസ്ഥിതി വിഷയങ്ങളിലെ ശക്തമായ നിലപാട് മൂലം തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് സീറ്റ് നൽകാൻ പാർട്ടി തയാറായില്ല. കേരള സർവകലാശാല സെനറ്റ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed