ബിപിൻ റാവത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; രശ്മിത രാമചന്ദ്രനെതിരെ നടപടിയുണ്ടാകുമെന്ന് എജി

തിരുവനന്തപുരം: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്‍റെ ഹെലികോപ്റ്റർ അപകടത്തിന് പിന്നാലെ അദ്ദേഹത്തെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സർക്കാർ പ്ലീഡർ അഡ്വ. രശ്മിത രാമചന്ദ്രനെതിരെ സ്വാഭാവിക നടപടിയുണ്ടാകുമെന്ന് അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണക്കുറുപ്പ്. എന്തു നടപടിയാണ് ഉണ്ടാകുകയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും എജി പറഞ്ഞു. ആലുവ ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുമായി സാധാരണ കൂടിക്കാഴ്ച മാത്രമാണ് നടത്തിയത്. അതിനപ്പുറം ഒന്നുമില്ല. എജി മുഖ്യമന്ത്രിയെ കാണുന്നതിന് പ്രത്യേക വിഷയത്തിന്‍റെ ആവശ്യമില്ല. നിരവധികാര്യങ്ങൾ ചർച്ച ചെയ്യാനും നിയമോപദേശം കൊടുക്കാനുമുണ്ടാകുമെന്നും ഗോപാലകൃഷ്ണക്കുറുപ്പ് പറഞ്ഞു. സർവലാശാല വിസി നിയമനങ്ങളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞ കാര്യങ്ങളൊന്നും താൻ ശ്രദ്ധിച്ചിട്ടില്ല. ഗവർണർ തന്നോട് ഒന്നും ചോദിച്ചിട്ടുമില്ല. ഗവർണർക്കല്ല സർക്കാരിനാണ് എജി നിയമോപദേശം നൽകുന്നത്. വിസി നിയമനത്തിൽ കൂടുതൽ അഭിപ്രായം പറയാനില്ലെന്നും ഗോപാലകൃഷ്ണക്കുറുപ്പ് വ്യക്തമാക്കി.