കൊട്ടിയൂർ പീഡനക്കേസ്; റോബിൻ വടക്കുംചേരിക്ക് ശിക്ഷയിൽ ഇളവ്

കൊച്ചി: കൊട്ടിയൂർ പീഡനക്കേസിലെ കുറ്റവാളി റോബിൻ വടക്കുംചേരിക്ക് ശിക്ഷയിൽ ഇളവ്. ശിക്ഷ 10 വർഷം തടവും ഒരു ലക്ഷം രൂപയുമാക്കി കുറച്ചു. തലശേരി പോക്സോ കോടതി വിധിച്ച 20 വർഷം തടവാണ് പത്തു വർഷമാക്കി കുറച്ച് ഹൈക്കോടതി ഉത്തരവിട്ടത്. വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
സ്ഥാപനത്തിന്‍റെ മേധാവിയെന്ന നിലയിൽ റോബിൻ പെൺകുട്ടിയെ ദുരുപയോഗം ചെയ്തുവെന്ന കുറ്റം കോടതി ഒഴിവാക്കുകയായിരുന്നു. എന്നാൽ പോക്സോ വകുപ്പും ബലാത്സംഗ വകുപ്പും നിലനിൽക്കുമെന്ന് കോടതി അറിയിച്ചു. റോബിന് മൂന്ന് വകുപ്പുകളിലായി ഇരുപത് വർഷത്തെ കഠിനതടവാണ് തലശേരി പോക്സോ കോടതി വിധിച്ചത്. 2016ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. റോബിൻ വടക്കുംചേരി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്. 2017 ഫെബ്രുവരിയിൽ പെൺകുട്ടി ഒരു കുഞ്ഞിന് ജന്മംനൽകിയിരുന്നു.