റോഡരികിൽ തള്ളിയ കക്കൂസ് മാലിന്യത്തിൽ ചവിട്ടി തെന്നി വീണ് വയോധികൻ മരിച്ചു

കൊച്ചി: എറണാകുളം കണ്ണമാലിയിൽ മാലിന്യത്തിൽ ചവിട്ടിതെന്നി വീണ് വയോധികൻ മരിച്ചു. കാട്ടിപ്പറന്പ് സ്വദേശി പി.എ ജോർജ് (92) ആണ് മരിച്ചത്. വീടിനു മുന്നിലായിരുന്നു അപകടം. രാവിലെ നടക്കാനിറങ്ങിയ ജോർജ് മാലിന്യത്തിൽ ചവിട്ടി തെന്നി കാനയിലേക്ക് വീഴുകയായിരുന്നു. തലയിടിച്ചാണ് വീണത്. വഴിയാത്രക്കാരാണ് ജോർജിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. പുലർച്ചെ അഞ്ചോടെ പള്ളിയിലേക്ക് പോകുന്നതിനായി ഇറങ്ങിയപ്പോഴായിരിക്കാം അപകടം സംഭവിച്ചതെന്നാണ് വിവരം. വീട്ടിൽ ജോർജ് തനിച്ചാണ് താമസം.
കക്കൂസ് മാലിന്യം റോഡരികിൽ തള്ളിയതാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു.