മലയാളി വിദ്യാർത്‍ഥിനി മംഗളൂരുവിൽ‍ തൂങ്ങിമരിച്ച നിലയിൽ


കാസർ‍ഗോഡ്: മലയാളി വിദ്യാർ‍ഥിനിയെ മംഗളൂരുവിൽ‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറ്റാരിക്കാൽ‍ തൂന്പുങ്കൽ‍ സ്വദേശിനി നീന സതീഷാണ് (19) മരിച്ചത്. മംഗളൂരുവിലെ ഹോസ്റ്റൽ‍ മുറിയിലെ കുളിമുറിയിൽ തൂങ്ങിയ നിലയിൽ നീനയെ കണ്ടെത്തിയത്. മംഗളൂരു കൊളാസോ കോളേജിലെ ഒന്നാം വർഷ നഴ്‌സിങ് വിദ്യാർ‍ത്ഥിനിയാണ് നീന സതീഷ്.

ഫീസടയ്ക്കാൻ വൈകിയതിന്റെ പേരിൽ‍ കോളേജ് അധികൃതർ‍ ശകാരിച്ചതിൽ‍ മനംനൊന്താണ് വിദ്യാർ‍ത്ഥിനി ആത്മഹത്യ ചെയ്തതെന്നാണ് വിവരം. ഇന്നലെ രാത്രി കോളേജ് ഹോസ്റ്റലിലെ കുളിമുറിയിലാണ് പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഒപ്പം താമസിക്കുന്നവർ‍ ഉടൻ‍ വിദ്യാർ‍ത്ഥിനിയെ മംഗളൂരിലെ സിറ്റി ആസ്പത്രിയിൽ‍ പ്രവേശിപ്പിച്ചു. ഗുരുതരനിലയിലായിരുന്ന പെൺകുട്ടി തീവ്രപരിചരണവിഭാഗത്തിൽ‍ ചികിത്സയിൽ‍ കഴിയവെ ഇന്ന് രാവിലെയോടെയാണ് മരണപ്പെട്ടത്.

ഫീസടയ്ക്കാൻ വൈകിയതിന് കോളേജ് അധികൃതർ‍ മാനസികമായി പീഡിപ്പിച്ചതായി ആരോപണമുണ്ട്. ഇക്കാര്യം പെൺകുട്ടി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. കോളേജ് അധികൃതർ‍ ദിവസവും അരമണിക്കൂർ‍ നേരം മാത്രമേ കുട്ടികൾ‍ക്ക് ഫോൺ‍ ഉപയോഗിക്കാൻ അനുവാദം നൽ‍കാറുള്ളൂവെന്നും അമ്മയോട് സംസാരിക്കാൻ കഴിയാത്തതിൽ‍ പെൺകുട്ടി കടുത്ത നിരാശയിലായിരുന്നുവെന്നും സഹപാഠികൾ‍ വ്യക്തമാക്കി.

നേരത്തെ കണ്ണൂരിൽ‍ താമസിച്ച് വന്നിരുന്ന പെൺ‍കുട്ടിയും കുടുംബവും സമീപ കാലത്താണ് കാസർ‍കോട് ചിറ്റാരിക്കാലിലേക്ക് താമസം മാറിയത്. പെൺകുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മംഗളൂരു പോലീസ് അന്വേഷണം ആരംഭിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed