ആദ്യമായി സന്പൂർണ വാക്സിനേഷൻ എന്ന ലക്ഷ്യം കൈവരിച്ച ജില്ലയായി എറണാകുളം

എറണാകുളം: സംസ്ഥാനത്താദ്യമായി, സന്പൂർണ്ണ വാക്സിനേഷൻ എന്ന ലക്ഷ്യം കൈവരിച്ച് എറണാകുളം ജില്ല.18 വയസ്സിനു മുകളിലുള്ള വാക്സിൻ സ്വീകരിക്കാൻ തയ്യാറായ മുഴുവൻ പേർക്കും വാക്സിൻ നൽകിയാണ് നേട്ടം കൈവരിച്ചത്. 100 ശതമാനം വാക്സിനേഷൻ പൂർത്തിയാക്കിയതിന്‍റെ പ്രഖ്യാപനം മന്ത്രി പി രാജീവ് നിർവഹിച്ചു.
വാക്സിനേഷനിൽ എന്നും ഒരു പടി മുന്നിലായിരുന്ന എറണാകുളം ജില്ല ചുരുങ്ങിയ കാലയളവിലാണ് സന്പൂർണ്ണ വാക്സിനേഷൻ എന്ന നേട്ടം കൈവരിച്ചത്. സന്പൂർണ്ണ വാക്സിനേഷന്‍റെ ജില്ലാതല പ്രഖ്യാപനം കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ മന്ത്രി പി. രാജീവ് നിർവ്വഹിച്ചു.
പൊതുജനാരോഗ്യ സംവിധാനങ്ങൾ ആധുനികവൽക്കരിക്കാൻ കോവിഡ് കാലത്ത് കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. വാക്സിൻ വിതരണത്തിൽ മികച്ച രീതിയിൽ മുന്നേറ്റം നടത്തിയ തദ്ദേശഭരണസ്ഥാപനഅധികൃതരെയും നേതൃത്വം നൽകിയ ഉദ്യോഗസ്ഥരെയും മൊമെന്‍റൊ നൽകി ആദരിച്ചു.
18 വയസിനു മുകളിലുള്ള 29 ലക്ഷത്തി 53,582 പേരിൽ 2871,236 പേർ ഇതിനകം കൊവിഡ് പ്രതിരോധ വാക്സിൻ്റെ ആദ്യ ഡോസ് സ്വീകരിച്ചു .14 ലക്ഷത്തോളം പേർ രണ്ടാം ഡോസും സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്.കോവിഡ് പോസിറ്റീവായി 3 മാസം തികയാത്ത 1,37,019 പേർക്ക് കാലാവധി പൂർത്തിയാകുന്ന മുറക്ക് വാക്സിൻ നൽകും.
ഗസ്റ്റ് വാക്സ് എന്ന പേരിൽ നടപ്പാക്കിയ പദ്ധതി പ്രകാരം ജില്ലയിലെ മുഴുവൻ അതിഥി തൊഴിലാളികൾക്കും ആദ്യ ഡോസ് വാക്സിനേഷൻ നേരത്തെ പൂർത്തിയാക്കിയിരുന്നു. പട്ടികവർഗക്കാർക്കു വേണ്ടി ട്രൈബ് വാക്സ് പദ്ധതി മുഖേന 18 വയസു പൂർത്തിയായ 8780 പേർക്കും വാക്സിൻ നൽകി.
കിടപ്പു രോഗികൾക്കും സാന്ത്വന പരിചരണം ലഭിക്കുന്നവർക്കും ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡേഴ്സ്, എച്ച്.ഐ.വി. ബാധിതർ, ജയിൽ അന്തേവാസികൾ തുടങ്ങി വിവിധ മേഖലകളിലുള്ളവർക്കും വാക്സിൻ നൽകിയാണ് സന്പൂർണ വാക്സിനേഷൻ എന്ന ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.