ഡെൽറ്റ വൈറസിന്‍റെ ഭീഷണിയിലാണ്; ഓണം ജാഗ്രതയോടെ വേണമെന്ന് ആരോഗ്യമന്ത്രി
ഡെൽറ്റ വൈറസിന്‍റെ ഭീഷണിയിലാണ്; ഓണം ജാഗ്രതയോടെ വേണമെന്ന് ആരോഗ്യമന്ത്രി തിരുവനന്തപുരം: ഓണത്തിന് എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. നമ്മൾ കോവിഡിൽ നിന്നും മുക്തരല്ല. കഴിഞ്ഞ ഓണ സമയത്ത് 2,000ത്തോളം കോവിഡ് കേസുകളാണ് ഉണ്ടായിരുന്നത്. എന്നാൽ ഓണം കഴിഞ്ഞതോടെ കേസുകൾ 11,000ത്തോളമായി. ഇപ്പോൾ അതല്ല സ്ഥിതി. അതീവ വ്യാപനശേഷിയുള്ള ഡെൽറ്റ വൈറസിന്‍റെ ഭീഷണിയിലാണ്. പ്രതിദിന കോവിഡ് കേസുകൾ 20,000ന് മുകളിലാണ്. മാത്രമല്ല കേരളം മൂന്നാം തരംഗത്തിന്‍റെ ഭീഷണിയിലുമാണ്. അതിനാൽ തന്നെ ഓണം കഴിഞ്ഞ് കോവിഡ് വ്യാപനമുണ്ടാകാതെ എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.
സാധനങ്ങൾ വാങ്ങാൻ കടകളിൽ പോകുന്പോഴും ബന്ധുക്കളെ കാണുന്പോഴും ജാഗ്രത പാലിക്കണം. കടകളിൽ പോകുന്നവരും കടയിലുള്ളവരും യാത്ര ചെയ്യുന്നവരും ഡബിൾ മാസ്‌കോ, എൻ 95 മാസ്‌കോ ധരിക്കേണ്ടതാണ്. ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈ കഴുകുകയോ സാനിറ്റൈസർ കൊണ്ട് കൈ വൃത്തിയാക്കുകയോ ചെയ്യണം. സോപ്പിട്ട് കൈ കഴുകാതെ മൂക്ക്, വായ്, കണ്ണ് എന്നിവിടങ്ങളിൽ സ്പർശിക്കാൻ പാടില്ല. എല്ലായിടത്തും രണ്ട് മീറ്റർ സാമൂഹിക അകലം ഉത്തരവാദിത്തമായി സ്വയം ഏറ്റെടുക്കണം. കടകളിലും മാർക്കറ്റുകളിലും ആരും തിരക്ക് കൂട്ടരുത്. സാമൂഹിക അകലം ഉറപ്പാക്കാൻ കടക്കാരും ജാഗ്രത പുലർത്തണം. സാധനങ്ങൾ വാങ്ങി വീട്ടിലെത്തിയാലുടൻ കൈകൾ സോപ്പുപയോഗിച്ച് കഴുകേണ്ടതാണ്. കോവിഡ് കാലമായതിനാൽ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഒത്തുകൂടലുകൾ പരമാവധി കുറയ്ക്കണം. വീട്ടിൽ അതിഥികളെത്തിയാൽ മാസ്‌ക് നിർ ബന്ധമാക്കുക. വന്നയുടൻ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകേണ്ടതാണ്. പ്രായമായവരോടും ചെറിയ കുട്ടികളോടും സ്പർശിച്ചു കൊണ്ടുള്ള സ്നേഹ പ്രകടനം ഒഴിവാക്കുക. ഭക്ഷണം കഴിക്കുന്പോഴാണ് രോഗം പടരാൻ സാധ്യത കൂടുതൽ. അതിനാൽ സാമൂഹിക അകലം പാലിച്ച് സദ്യയ്ക്ക് ഇലയിടണം. ലക്ഷണമില്ലാത്തവരിൽ നിന്നും വാക്‌സിൻ എടുത്തവരിൽ നിന്നുപോലും രോഗം പകരാം എന്നതിനാൽ പല കുടുംബങ്ങളിൽ നിന്നുള്ളവർ ഒരേസമയം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്- മന്ത്രി പറഞ്ഞു.


