കോതമംഗലം കൊലപാതകം: രഖിലിന് തോക്ക് ലഭിച്ചത് ബീഹാറിൽ നിന്നെന്ന് മന്ത്രി


കണ്ണൂർ: മാനസയെ വെടിവെച്ച് കൊന്ന രഖിലിന് തോക്ക് ലഭിച്ചത് ബീഹാറിൽ നിന്നാണെന്ന് സംശയിക്കുന്നുവെന്ന് മന്ത്രി എം.വി ഗോവിന്ദൻ. രഖിലും സുഹൃത്തും ബീഹാറിൽ പോയതിന് പോലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രഖിലിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ആദിത്യനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്. തോക്ക് സംഘടിപ്പിക്കാനായി കഴിഞ്ഞ 12ന് രഖിൽ ബിഹാറിൽ പോയി. സുഹൃത്തും ഒപ്പമുണ്ടായിരുന്നു. ബിഹാറിലെ ഉൾപ്രദേശത്ത് താമസിച്ചു. അതിഥി തൊഴിലാളിയുമായും രഖിലിനു ബന്ധമുണ്ട്. പൊലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മാനസയുടെ വീട്ടിൽ എത്തിയ മന്ത്രി മാതാപിതാക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ചു. കൂടുതൽ അന്വേഷണത്തിനായി കേരളാ പൊലീസ് ഇന്നോ നാളെയോ ബിഹാറിലേക്കു പോകും. നടന്നത് ഉത്തരേന്ത്യൻ മോഡൽ കൊലപാതകമാണെന്നും മന്ത്രി വ്യക്തമാക്കി.

ക്രിമിനൽ പശ്ചാത്തലം ഇല്ലാത്ത രഖിലിനു സ്വന്തം നിലയിൽ ഇത്തരത്തിലുള്ള പിസ്റ്റൾ കൈവശപ്പെടുത്തുക എളുപ്പമല്ലെന്നാണു പൊലീസ് നിഗമനം. പണം കൊടുത്താലും കേരളത്തിൽ തോക്കു ലഭിക്കുക എളുപ്പമുള്ള കാര്യവുമല്ല. രഖിൽ സുഹൃത്തിനൊപ്പം ബിഹാറിൽ പോയിരുന്നുവെന്നും കഴിഞ്ഞ 12 മുതൽ 20 വരെ അവിടെ വിവിധ സ്ഥലങ്ങളിൽ താമസിച്ചിരുന്നുവെന്നും സൈബർ സെല്ലിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതു തോക്കു സംഘടിപ്പിക്കാനാകാം എന്നു കരുതുന്നത്. അതേസമയം മാനസയുടെയും ആത്മഹത്യ ചെയ്ത രഖിലിന്റെയും മൃതദേഹങ്ങൾ സംസ്കരിച്ചു. പയ്യാമ്പലം പൊതു ശ്മശാനത്തിലാണ് മാനസയുടെ സംസ്കാര ചടങ്ങുകൾ നടന്നത്. ആത്മഹത്യ ചെയ്ത രഖിലിന്റെ മൃതദേഹം പന്തക്കപ്പാറ പൊതു ശ്മശാനത്തിലാണ് സംസ്കരിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed