മനുഷ്യത്വത്തിന്‍റെ പേരിൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് കെ. സുധാകരൻ
തിരുവനന്തപുരം: മനുഷ്യത്വത്തിന്‍റെ പേരിൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ജീവനാണ് മുഖ്യമെന്ന് സർക്കാർ മനസിലാക്കണം. കോവിഡ് രോഗ വ്യാപനത്തിന്‍റെ സാഹചര്യത്തിൽ പരീക്ഷ നടത്തണമെന്ന് സർക്കാർ വാശി പിടിക്കുന്നത് എന്തിനാണെന്നും സുധാകരൻ ചോദിച്ചു. മറ്റ് സംസ്ഥാനങ്ങളിലെല്ലാം കോവിഡ് കുറഞ്ഞിട്ടും കേരളത്തിൽ മാത്രം കുറയുന്നില്ല. എന്നിട്ടും ധിക്കാരം തുടരുകയാണ് പരീക്ഷയ്ക്ക് വരുന്ന കുട്ടികൾക്ക് കോവിഡ് വരില്ലെന്ന് സർക്കാരിന് ഉറപ്പു പറയാനാകുമോ. ഇത് ഏകാധിപത്യ നിലപാടാണെന്നും സുധാകരൻ ആരോപിച്ചു. പരമാവധി ആളുകൾക്ക് വാക്‌സിന്‍ നൽകുക. ഇതിന് പ്രായത്തിന്റെ അതിർ വരന്പ് വെക്കുന്നതിന്റെ യുക്തി എന്താണ്. എല്ലാവർക്കും നൽകേണ്ടതല്ലേ എന്നും കെ സുധാകരൻ ചോദിച്ചു. കോവിഡ് ബാധിച്ച് മരിച്ച പലരെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. കോവിഡ് മരണങ്ങൾ സർക്കാർ പുനഃപരിശോധിക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.
കൊടി സുനിക്കും കിർമാണി മനോജിനുമെതിരെ നടപടി എടുക്കാൻ സിപിഎമ്മിന് ധൈര്യമുണ്ടോയെന്ന് സുധാകരൻ വെല്ലുവിളിച്ചു. കൊടി സുനിയേയും ആകാശ് തില്ലങ്കേരിയേയുമൊക്കെ സിപിഎമ്മിന് പേടിയാണ്. ദുഷിച്ചുനാറുന്ന ഒരുപാട് രഹസ്യങ്ങൾ അവർക്കറിയാം, അതാണ് കാരണം. ആകാശ് തില്ലങ്കേരി വെല്ലുവിളിച്ചപ്പോൾ ഡിവൈഎഫ്‌ഐ പോയി കാലുപിടിച്ചില്ലേ എന്നും സുധാകരൻ ചോദിച്ചു. കണ്ണൂർ ജയിലിനെ നിയന്ത്രിക്കുന്നത് കൊടി സുനിയാണ്. ജയിൽ സൂപ്രണ്ടു പോലും കൊടി സുനിയുടെ നിർദേശങ്ങൾക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. സെല്ലിന് മുന്നിൽ ആരൊക്കെ കാവൽ നിൽക്കണമെന്നു പോലും തീരുമാനിക്കുന്നത് ഇവരാണ്. ഇവർക്ക് ഇതിനുള്ള ധൈര്യം ലഭിക്കുന്നത് എവിടെ നിന്നാണ്? ഇവരുടെ റോൾ മോഡൽ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമൊക്കെയാണ്− കെപിസിസി പ്രസിഡന്‍റ് പറഞ്ഞു.

