പുഴയിൽ വീണ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ബിഎഡ് വിദ്യാർത്ഥിനി മുങ്ങി മരിച്ചു

മട്ടന്നൂർ: മണ്ണൂർ നായിക്കാലി പുഴയിൽ വീണ കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ബിഎഡ് വിദ്യാർത്ഥിനി മുങ്ങി മരിച്ചു. പാളാട് എൽപി സ്കൂളിനു സമീപത്തെ അമൃതാലയത്തിൽ ബാലകൃഷ്ണൻ−രമണി ദന്പതികളുടെ മകൾ അമൃത ബാലകൃഷ്ണ (25) നാണ് മരിച്ചത്. അമൃത രക്ഷിക്കാൻ ശ്രമിച്ച കുട്ടിയെ ഓടിക്കൂടിയ നാട്ടുകാർ കരയ്ക്കുകയറ്റി.
പുലർച്ചെ ഏഴിന് നായിക്കാലി ക്ഷേത്രത്തിന് മുന്നിലുള്ള പുഴയിലായിരുന്നു സംഭവം. വസ്ത്രം അലക്കാനായി അയൽവാസികൾക്കൊപ്പം എത്തിയതായിരുന്നു അമൃത. കൂടെയുണ്ടായിരുന്ന അയൽവാസിയായ ഒന്പതു വയസുകാരി വെള്ളത്തിൽ വീണതിനെ തുടർന്നു രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമൃത മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ പുഴയിൽ ചാടി വിദ്യാർഥിനിയെ രക്ഷപ്പെടുത്തി ചാലോടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകി കണ്ണൂരിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിച്ചു. സഹോദരി: അനഘ. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.