ബാർ കോഴക്കേസ്: പുനഃരന്വേഷണത്തിന് അനുമതി നൽകാതെ ഗവർണർ
തിരുവനന്തപുരം: ബാർ കോഴക്കേസിൽ പുനഃരന്വേഷണത്തിന് അനുമതി നൽകാതെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പുനഃരന്വേഷണത്തിന് അനുമതി തേടി വിജിലൻസ് സമർപ്പിച്ച ഫയൽ ഗവർണർ മടക്കി. അന്വേഷണത്തിന് ഉത്തരവിടാൻ സമയമായെന്ന് കരുതുന്നില്ലെന്ന് ഗവർണർ അറിയിച്ചു. മുൻ മന്ത്രിമാരായ വി.എസ് ശിവകുമാർ, കെ. ബാബു എന്നിവർക്കെതിരായ വെളിപ്പെടുത്തലിൽ അന്വേഷണത്തിന് അനുമതി വേണമെന്നായിരുന്നു വിജിലൻസിന്റെ ആവശ്യം.
ബാർകോഴക്കേസുമായി ബന്ധപ്പെട്ട് ബിജുരമേശ് നടത്തിയ വെളിപ്പെടുത്തലുകളിലാണ് അന്വേഷണത്തിന് വിജിലൻസ് അനുമതി ആവശ്യപ്പെട്ടത്. രമേശ് ചെന്നിത്തലയും വി.എസ് ശിവകുമാറും കെ. ബാബുവും കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. എന്നാൽ വിഷയത്തിൽ പുനരന്വേഷണത്തിന് സാധ്യതയില്ലെന്നാണ് ഗവർണർ അറിയിച്ചിരിക്കുന്നത്.

