ബിനീഷിന്‍റെ വീട്ടിലെ റെയ്ഡ്: ഇഡിക്കെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു
തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. ബിനീഷിന്‍റെ ഭാര്യാപിതാവായ പ്രദീപിന്‍റെ പരാതിയിലാണ് നടപടി.കുട്ടികളോട് കയര്‍ത്ത് സംസാരിക്കുകയും ഭക്ഷണവും മുലപ്പാലും നല്‍കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസ്. രണ്ടര വയസുള്ള കുട്ടിയെ ഉള്‍പ്പടെ 24 മണിക്കൂറുകളായി വീടിനുള്ളില്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നായിരുന്നു ബന്ധുക്കള്‍ നല്‍കിയ പരാതി.
മൂത്ത കുട്ടിയെ അമ്മയെയും അനിയത്തിയെയും കാണാന്‍ അനുവദിച്ചില്ലെന്നും ഇത് കുട്ടിക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു. കുടുംബത്തിന്‍റെ പരാതിയെ തുടർന്ന് ബാലാവകാശ കമ്മീഷൻ ഉദ്യോഗസ്ഥർ ഇന്ന് രാവിലെ റെയ്‌ഡ് നടന്ന ബിനീഷിന്‍റെ തിരുവനന്തപുരത്തെ വീട്ടിലെത്തി കാര്യങ്ങൾ അന്വേഷിച്ചിരുന്നു. നിയമലംഘനം നടന്നതായി ബോധ്യപ്പെട്ടാല്‍ പോലീസിന് നിയമാനുസൃതം കേസ് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കുട്ടികളുടെ അവസ്ഥയെപ്പറ്റി ജില്ല ശിശു സംരക്ഷണ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്യണം.

