സത്യം വിജയിക്കുമെന്നതിന്‍റെ തെളിവാണ് ഇലക്ഷൻ കമ്മീഷന്റെ വിധിയെന്ന് ജോസ് കെ. മാണി


കോട്ടയം: ആത്യന്തികമായി സത്യം വിജയിക്കുമെന്നതിന്‍റെ തെളിവാണ് ഇലക്ഷന്‍ കമ്മീഷന്‍റെ വിധിയെന്ന് ജോസ് കെ. മാണി. രണ്ടില ചിഹ്നത്തിനുള്ള അവകാശം ജോസ് കെ. മാണി വിഭാഗത്തിനാണെന്ന കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍റെ വിധിക്ക് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മാണിസാറിന്‍റെ ആത്മാവ് നമ്മളോടൊപ്പം ഏറ്റവും കൂടുതല്‍ സന്തോഷിക്കുമെന്ന് ഉറപ്പാണ്. മാണിസാറ് പതിറ്റാണ്ടുകള്‍ കൊണ്ട് പടുത്തുയര്‍ത്തിയ കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ശ്രമിച്ച എല്ലാ ശക്തികള്‍ക്കുമുള്ള തിരിച്ചടിയാണ് ഈ വിധി. കേരള കോണ്‍ഗ്രസ് എം ഏതാണെന്ന് തെളിയിക്കുന്ന വിധിയാണിത്. കേരള കോണ്‍ഗ്രസ് എം എന്ന പേര് ഞങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ജോസ് പക്ഷം എന്നാണ് ഞങ്ങളെ വിശേഷിപ്പിച്ചത്. ഇപ്പോള്‍ മുതല്‍ ജോസ് പക്ഷം അവസാനിച്ചു. ഇനി മുതല്‍ കേരള കോണ്‍ഗ്രസ് എം മാത്രമാണുള്ളത്. അത് ഞങ്ങളാണ്.

ഔദ്യോഗിക കേരള കോണ്‍ഗ്രസിന്‍റെ ചിഹ്നം രണ്ടിലയാണ്. ഈ വിധി അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. മാണിസാറിന്‍റെ വേര്‍പാടിന് ശേഷം പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമമുണ്ടായി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ എനിക്കെതിരെ നിരന്തരമായ വ്യക്തിഹത്യയുണ്ടായി. എന്തൊക്കെ വാക്കുകളാണ് എനിക്കെതിരെ ഉപയോഗിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. എനിക്കെതിരെ മാത്രമല്ല. എന്‍റെ പിതാവിനെതിരെയും പരോക്ഷമായി വ്യക്തിഹത്യ നടന്നു. അവിടെയൊന്നും മറുപടി പറയാന്‍ ഞാന്‍ വന്നില്ല. ഞാന്‍ ഉയര്‍ത്തിപ്പിടിച്ച നിലപാടിന് പിന്നില്‍ രാഷ്ട്രിയം മാത്രമാണുണ്ടായത്.
വ്യക്തിഹത്യയുണ്ടായപ്പോള്‍ അതിനെതിരെ പ്രതികരിക്കരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഞങ്ങനെയാണ് മാണി സാര്‍ ഞങ്ങളെ പഠിപ്പിച്ചത്. ഇപ്പോള്‍ സത്യം പുറത്തുവന്നു. മാണി സാറിന്‍റെ വേര്‍പാടിന് ശേഷം ചില തെറ്റിദ്ധാരണകള്‍ ചില മേഖലകളിലുണ്ടായി. ഗുരുതുല്യരായ നേതാക്കന്മാരെ തെറ്റിദ്ധരിപ്പിച്ച ആളുകളുണ്ട്. അവരോടൊന്നും എനിക്ക് പരാതിയില്ല.
ഇപ്പോള്‍ യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് ഏതെന്ന് തിരിച്ചറിഞ്ഞു. ചിഹ്നവും തിരികെ കിട്ടി. ഈ കുടുംബത്തിന്‍റെ വാതില്‍ തുറന്നു കിടക്കുകയാണ്. അവരൊക്കെ ഈ കുടുംബത്തിലേക്ക് തിരികെ വരണമെന്നാണ് അഭ്യര്‍ഥന. പല മേഖലകളിലുമുള്ള ജനപ്രതിനിധികള്‍ രണ്ടില ചിഹ്നത്തില്‍ വിജയിച്ചവരാണ്. അവര്‍ ഈ കുടുംബത്തില്‍ കാണേണ്ടവരാണ്. അവര്‍ അതില്‍ നിന്നും മാറിപോയാല്‍ കര്‍ശന നടപടിയുണ്ടാകും. കേരള കോണ്‍ഗ്രസ് എം ഒന്നേയുള്ളു. അത് എല്ലാവരും ഓര്‍ക്കുന്നത് നല്ലതായിരിക്കും. നിയമ സഭാ രേഖകളില്‍ റോഷി അഗസ്റ്റിനാണ് വിപ്പ്. റോഷി എല്ലാ എംഎല്‍എമാര്‍ക്കും വിപ്പ് നല്‍കി. കേരള കോണ്‍ഗ്രസ് വോട്ടെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുവാനാണ് തീരുമാനിച്ചത്. ഇതിനെതിരെ ആരെങ്കിലും നിന്നാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയുമായി മുന്‍പോട്ടു പോകുമെന്നും ജോസ് കെ. മാണി വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed