മൂഴിക്കൽ കൊലപാതകം: തെളിവ് നശിപ്പിക്കാൻ ശ്രമം; മൊബൈൽ ഫോണുകൾ കിണറ്റിൽ നിന്ന് കണ്ടെത്തി
ഷീബ വിജയൻ
കോഴിക്കോട് മൂഴിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി നസ്രീനയെ കൊന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നതായി പോലീസ്. നസ്രീനയുടെ രണ്ട് ഫോണുകൾ ഉൾപ്പെടെ മൂന്ന് മൊബൈൽ ഫോണുകൾ വീട്ടുമുറ്റത്തെ കിണറ്റിൽ നിന്ന് പോലീസ് കണ്ടെടുത്തു. ഫയർഫോഴ്സിന്റെ സഹായത്തോടെയാണ് ഇവ പുറത്തെടുത്തത്.
പ്രതി അദ്നാൻ ആത്മഹത്യ ചെയ്ത മുറിയിൽ നിന്ന് ഒരു ഫോൺ കണ്ടെടുത്തിരുന്നു. എന്നാൽ മറ്റ് ഫോണുകൾ കിണറ്റിൽ എത്തിയത് എങ്ങനെയെന്ന കാര്യത്തിലാണ് ദുരൂഹത നിലനിൽക്കുന്നത്. അദ്നാൻ തന്നെയാണ് ഫോണുകൾ കിണറ്റിലിട്ടതെങ്കിൽ മുറിയിൽ കണ്ട ഫോൺ കൂടി നശിപ്പിക്കാൻ സാധ്യതയുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കുടുംബാംഗങ്ങളിൽ ആരെങ്കിലും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചോ എന്ന് പോലീസ് സംശയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് നസ്രീനയുടെ ബന്ധുക്കളെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
അദ്നാന്റെ സ്വഭാവദൂഷ്യം വീട്ടുകാരെ അറിയിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കണ്ടെടുത്ത ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. പരിശോധനാ ഫലം പുറത്തുവരുന്നതോടെ സംഭവത്തിലെ കൂടുതൽ ദുരൂഹതകൾ നീങ്ങുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.
xzxzasxads




