രാജമല പെട്ടിമുടി മണ്ണിടിച്ചിൽ; നാലുമരണം, നിരവധിപേർ മണ്ണിനടിയിൽ കുടുങ്ങിയതായി സൂചന
മൂന്നാർ: മൂന്നാർ രാജമല പെട്ടിമുടിയിൽ ലയത്തിനു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു. 83 പേരാണ് ഈ ലയങ്ങളിൽ താമസിച്ചിരുന്നതെന്നും ഇതിൽ 67 പേർ മണ്ണിനടിയിൽനിന്ന് കുടുങ്ങിക്കിടക്കുന്നുവെന്നുമാണ് സൂചന. മണ്ണിനടിയിൽ നിന്ന് രക്ഷപ്പെടുത്തിയ മൂന്ന് സ്ത്രീകളെയും ഒരു പുരുഷനെയും മൂന്നാർ കണ്ണൻ ദേവൻ ആശുപത്രിയിൽ എത്തിച്ചതായും റിപ്പോർട്ടുകളുണ്ട്.
വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് രാജമല മേഖലയിൽ ഉരുൾപൊട്ടലുണ്ടായത്. ഇതിനെ തുടർന്ന് പെട്ടിമുടി തോട്ടംമേഖലയിൽ വലിയ മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. രാവിലെ ആറുമണിയോടെയാണ് അപകടം നടന്ന വിവരം പുറംലോകം അറിയുന്നത്. ഉൾപ്രദേശമായതിനാൽ ഇവിടെ എത്തിയുള്ള രക്ഷാപ്രവർത്തനം ദുഷ്കരമാണ്. പ്രദേശത്തേക്ക് എൻ.ഡി.ആർ.എഫ്. സംഘം പുറപ്പെട്ടിട്ടുണ്ട്.
മൂന്ന് ലൈനുകളിലായി 84 പേരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. തമിഴ് തൊഴിലാളികളാണ് ഈ പ്രദേശത്ത് കൂടുതലായി താമസിക്കുന്നത്. വൈദ്യുതി ഇൽലാത്തതിനാൽ കൃത്യമായ വിവരം ലഭിക്കുന്നതിൽ ബുദ്ധിമുട്ടുണ്ട്. രക്ഷാപ്രവർത്തകർ സംഭവ സ്ഥലത്തേക്ക് ഉടൻ എത്തുമെന്ന് ജിൽലാ കളക്ടർ അറിയിച്ചു. സമീപത്തെ ആശുപത്രികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
