ആഗസ്ത് 9 മുതൽ പുതിയ വർക്ക് പെർമിറ്റുകളുടെ അപേക്ഷകൾ ബഹ്റൈൻ സ്വീകരിക്കും


മനാമ: കോവിഡ് പശ്ചാത്തലത്തിലായിരുന്നു മാർച്ച് മാസം മുതൽക്ക്  ലേബർ മാർക്കററ് റെഗുലേറ്ററി അതോറിറ്റി  പുതിയ വർക്ക്പെർമിറ്റുകളുടെ അപേക്ഷകൾ നിർത്തിവെച്ചിരുന്നത്. കോവിഡ് മഹാമാരി ഉണ്ടാക്കിയ ബുദ്ധിമുട്ടുകൾ കാരണം രാജ്യത്ത് ജോലി നഷ്ടപ്പെട്ട് കഴിയുന്നവർക്ക്  ഈ തീരുമാനം വലിയ ആശ്വാസമാണ് നൽകുന്നത്.  നിലവിൽ രാജ്യത്തിനകത്ത് കഴിയുന്നവർക്കാണ് വർക്ക് പെർമിറ്റുകൾ ആദ്യഘട്ടത്തിൽ അനുവദിക്കുന്നത്. ജോലിയില്ലാത്ത ബഹ്റൈനി സ്വദേശികൾ അടക്കമുള്ളവർക്ക് മുൻഗണന നൽകിയാകും ഇത് അനുവദിക്കുന്നത്. ജോലിക്ക്് വേണ്ടവരെ പറ്റിയുള്ള വിവരങ്ങൾ പ്രദേശികമായ പത്രങ്ങളിൽ തൊഴിൽദാതാക്കൾ പരസ്യം ചെയ്യണം.  അപേക്ഷ നൽകി ആദ്യത്തെ രണ്ടാഴ്ച്ച രാജ്യത്തിനകത്ത് നിന്ന് തന്നെ ജോലിക്ക് ആളെ ലഭിക്കാത്ത സാഹചര്യമുണ്ടായെങ്കിൽ മാത്രമേ പുറത്തുള്ളവർക്ക് വർക്ക് പെർമിറ്റ് അനുവദിക്കുകയുള്ളൂ.

എൽ.എം.ആർ.എ മുൻകൈയ്യെടുത്ത് നടപ്പിലാക്കിയ ടാലന്റ്പോർട്ടൽ വെബ്സൈറ്റിലൂടെ മൂവായിരത്തിലധികം പേർ തങ്ങളുടെ വിവരങ്ങൾ പുതിയ ജോലിയ്ക്കായി നൽകിയിട്ടുണ്ട്. ഈ വിവരങ്ങളും പുതിയ തൊഴിൽദാതാക്കൾക്ക് കൈമാറും. അതേസമയം നിലവിൽ  ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കോവിഡ് പശ്ചാത്തലത്തിൽ ബഹ്റൈനിലേയ്ക്ക് യാത്രാവിലക്ക് നിലനിൽക്കുന്നുണ്ട്. ബഹ്റൈനിലെ വിദേശ തൊഴിലാളികളുടെ ഇടയിൽ ഏറ്റവുമധികം പേർ ഈ രണ്ട് രാജ്യങ്ങളിൽ നിന്നുമാണ് വരുന്നത്. ഇവിടെ നിന്ന് ചാർട്ടേർഡ് വിമാനങ്ങളിൽ ആളുകളെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിൽ പോലും അനുമതിയൊന്നും തന്നെ നൽകിയിട്ടില്ലെന്നാണ് ഔദ്യോഗികവൃത്തങ്ങളിൽ നിന്ന് അറിയാൻ സാധിക്കുന്നത്. 

You might also like

  • NEC

Most Viewed