തിരുവനന്തപുരത്ത് കൊവിഡ് രോഗികൾക്ക് വീട്ടിൽ ചികിത്സ അനുവദിച്ച് ഉത്തരവിറക്കി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലക്ഷണമില്ലാത്ത കൊവിഡ് രോഗികൾക്ക് വീട്ടിൽ ചികിത്സ അനുവദിച്ചുകൊണ്ട് ജില്ലാ ഭരണകൂടം ഉത്തരവിറക്കി. ജില്ലയിൽ രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ ആണ് പുതിയ നീക്കം. അതിനിടെ, തലസ്ഥാനത്ത് ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം മൂവായിരം കടന്നു.
സംസ്ഥാനത്ത് ആദ്യമായി സമൂഹ വ്യാപനം സ്ഥിരീകരിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ ചികിത്സയിലുള്ളതും തലസ്ഥാനത്താണ്. ദിനംപ്രതി രോഗികളുടെ എണ്ണം കൂടുകയും ചെയ്യുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് രോഗികളെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിന് അനുവദിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിറക്കിയത്. രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് മാത്രമായിരിക്കും വീടുകളിൽ നിരീക്ഷണം അനുവദിക്കുക. ശുചിമുറിയുളള റൂം വേണം, വീട്ടിലുളള മറ്റുളളവരുമായി സന്പർക്കം പാടില്ല, ആരോഗ്യാവസ്ഥ ദിവസവും ആരോഗ്യ വകുപ്പിനെ അറിയിക്കണം തുടങ്ങിയ നിർദേശങ്ങളോടെയാണ് തീരുമാനം. രോഗം സ്ഥിരീകരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് വീട്ടിലും ചികിത്സാ നടത്താമെന്ന് സംസ്ഥാനം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തലസ്ഥാനത്ത് ആരോഗ്യപ്രവർത്തകർ അല്ലാത്ത രോഗികൾക്കും വീട്ടിൽ ചികിത്സ അനുവദിക്കാൻ തീരുമാനമായിരിക്കുന്നത്.