"രണ്ടില' വേണമെന്ന് പി.ജെ ജോസഫിന്‍റെ ആവശ്യം; തീരുമാനം ജൂലൈ 7ന്
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്-എമ്മിന്‍റെ ഔദ്യോഗിക തിരഞ്ഞെടുപ്പ് ചിഹ്നമായ "രണ്ടില' വേണമെന്ന പി.ജെ ജോസഫിന്‍റെ കത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ജൂലൈ ഏഴിന് തീരുമാനമെടുക്കും. എന്നാൽ ജോസഫ് വിഭാഗത്തിന് ചിഹ്നം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ജോസ് കെ. മാണിയും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. ചിഹ്നം മരവിപ്പിക്കണമെന്നാണ് ജോസ് പക്ഷത്തിന്‍റെ ആവശ്യം.
യുഡിഎഫിൽ നിന്നും ജോസ് വിഭാഗത്തെ പുറത്താക്കിയതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം നിർണായകമാകും. പാലാ ഉപതിരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നത്തെ ചൊല്ലി ജോസ്-ജോസഫ് വിഭാഗങ്ങൾ തമ്മിൽ വലിയ തർക്കം രൂപപ്പെട്ടിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ രണ്ടില ചിഹ്നം അനുവദിച്ചില്ലെങ്കിൽ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് ജോസഫ് വിഭാഗം ആലോചിക്കുന്നത്. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനമുണ്ടായാലും നിയമപോരാട്ടങ്ങൾ ഇരുവശത്തും തുടരുമെന്ന് ഉറപ്പാണ്.

