യുഡിഎഫുമായുള്ള ഹൃദയ ബന്ധം മുറിച്ചു: ജോസ് കെ മാണി
കോട്ടയം: യുഡിഎഫിന്‍റെ പുറത്താക്കൽ നടപടി നീതിയില്ലാത്ത തീരുമാനമെന്ന് ജോസ് കെ മാണി. മുന്നണിയുമായുള്ള ഹൃദയ ബന്ധം മുറിച്ചു. കേരളാ കോൺഗ്രസിനെ തകർക്കാൻ മുന്‍പും ശ്രമം നടന്നു. പാർട്ടി കൂടുതൽ കരുത്തോടെ മുന്നോട്ട് പോകും. സാധാരണക്കാരായ യുഡിഎഫ് പ്രവർത്തകരുടെ മനസ്സിന് മുറിവുണ്ടാക്കിയെന്നും ജോസ് കെ മാണി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് വരെ ഒരു മുന്നണിയിലേക്കുമില്ലെന്നാണ് ജോസ് പക്ഷത്തിന്‍റെ നിലപാട്. തെരഞ്ഞെടുപ്പിൽ വിജയ സാധ്യത നോക്കി പ്രാദേശിക സഹകരണം മാത്രമായിരിക്കും ഉണ്ടാകുക. യുഡിഎഫിനോടും കോൺഗ്രസിനോടും മൃദുസമീപനം വേണ്ടെന്ന നിലപാടിലാണ് ജോസ് പക്ഷം. ഇന്നലെ പുറത്താക്കിയപ്പോൾ യുഡിഎഫിന് അനകൂലമായി ചില നേതാക്കൾ സംസാരിച്ചതിൽ ജോസ് കെ മാണി അതൃപ്‍തി പ്രകടിപ്പിച്ചിരുന്നു.
യുഡിഎഫുമായി ഇനി ചർച്ച വേണ്ടന്ന ഉറച്ച തീരുമാനത്തിലാണ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലെ പ്രധാന നേതാക്കൾ. അപമാനിച്ച് ഇറക്കിവിട്ടിടത്തേക്ക് ഇനിയൊരു തിരിച്ച് പോക്ക് വേണ്ട. പാർട്ടിയിലെ എംഎൽഎമാരും എംപിയും ഈ തീരുമാനത്തോട് യോജിക്കുന്നു. കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ ജോസഫിന്‍റെ പിന്തുണയോടെ കോൺഗ്രസ് കൊണ്ടുവരുന്ന അവിശ്വസമായിരിക്കും പാർട്ടിക്ക് മുന്നിലെ അടുത്ത പ്രധാന കടന്പ. എൽഡിഎഫ് പിന്തുണയുണ്ടെങ്കിൽ ഈ പ്രതിസന്ധി തരണം ചെയ്യാം. ഇതിനുള്ള ചർച്ചകൾ അണിയറയിൽ പുരോഗമിക്കുന്നുവെന്നാണ് വിവരം.

