ജോസ് കെ. മാണി വിഭാഗത്തിന്റെ കാര്യത്തിൽ എൽഡിഎഫ് നിലപാടെടുക്കാൻ സമയമായില്ല; കോടിയേരി
തിരുവനന്തപുരം: യു.ഡി.എഫിൽ നിന്നും പുറത്താക്കപ്പെട്ട ജോസ് കെ. മാണി പക്ഷത്തിന്റെ കാര്യത്തിൽ ഇടതു മുന്നണി നിലപാടെടുക്കാൻ സമയമായില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പുറത്താക്കിയെന്നല്ല, യു.ഡി.എഫിൽ നിൽക്കാൻ അവകാശമില്ലെന്നാണ് കൺവീനർ പറഞ്ഞത്. ചർച്ച തുടരാൻ പഴുതിട്ടുള്ള നിലപാടാണ് യുഡിഎഫിന്റേതെന്നും കോടിയേരി പറഞ്ഞു.
യു.ഡി.എഫിൽ പ്രതിസന്ധി രൂപപ്പെടുകയാണെന്നും എന്നാൽ അതിനപ്പുറമുള്ള കാര്യങ്ങൾ തീരുമാനിക്കാനായിട്ടില്ലെന്നും ഇടതു മുന്നണി കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. ഇതു സംബന്ധിച്ച് യു.ഡി.എഫിൽ നിന്നുള്ള മറ്റു പ്രതികരണങ്ങൾ വരേണ്ടതുണ്ട്. ഇതു മുന്നണിയിലേക്ക് ക്ഷണിക്കുന്ന കാര്യങ്ങളെല്ലാം പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

