കെ. സുരേന്ദ്രന്റെ മരണത്തിന് പിന്നിൽ പാർട്ടിയിലെ ഒരു വിഭാഗം: ആരോപണവുമായി കെ.പി.സി.സി അംഗം
കണ്ണൂർ: കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരിച്ച കെ.പി.സി.സി സെക്രട്ടറി കെ. സുരേന്ദ്രൻ സൈബർ ആക്രമണത്തിന്റെ ഇരയെന്ന് കെ.പി.സി.സി അംഗം കെ. പ്രമോദ്. പാർട്ടിയിലെ ഒരു വിഭാഗമാണ് ഇതിന് പിന്നിലെന്നും വ്യക്തിഹത്യ താങ്ങാനാകാതെ ഹൃദയംപൊട്ടിയാണ് സുരേന്ദ്രൻ മരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജാതി ആക്രമണവും സാന്പത്തിക ആരോപണവും ഉന്നയിച്ചതിന് പിന്നിൽ കോൺഗ്രസിലെ ഒരു വിഭാഗം ഉണ്ടെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
ഗൾഫിൽ ജോലി ചെയ്യുന്ന കണ്ണൂരിലെ പഴയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കഴിഞ്ഞ ദിവസങ്ങളിൽ സുരേന്ദ്രനെതിരെ ഫേസ്ബുക്കിലൂടെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നുവെന്ന് പ്രമോദ് പറഞ്ഞു. സുരേന്ദ്രേട്ടന്റെ മരണം പെട്ടെന്നായിരുന്നുവെങ്കിലും കാര്യമായ രീതിയിലുള്ള അസുഖങ്ങൾ ഉണ്ടായിരുന്നില്ല. വിദേശത്തിരുന്ന് കെ.സുരേന്ദ്രനെന്ന നേതാവിനെ മാനസികമായി തകർക്കാനും അവഹേളിക്കാനും ശ്രമിച്ചതിന് പിന്നിൽ പാർട്ടിയിൽ ചിലരുടെ കൃത്യമായ ഓപ്പറേഷനുണ്ടെന്ന കാര്യം സുരേന്ദ്രനെ വല്ലാതെ തളർത്തിയെന്നും പ്രമോദ് പറഞ്ഞു.
പാർട്ടി പ്രവർത്തകനെന്ന ലേബലിൽ സുരേന്ദ്രനെതിരെ വ്യക്തിഹത്യ നടത്തിയവനെതിരെ നിയമ നടപടിയാണ് ആദ്യം വേണ്ടതെന്ന് കെ. പ്രമോദ് ആവശ്യപ്പെട്ടു. കെപിസിസിയും ജില്ലാ കോൺഗ്രസ് കമ്മിറ്റിയും ഇതിന് തയ്യാറാകണം. യൂത്ത് കോൺഗ്രസും ഐഎൻടിയുസിയുമൊക്കെ ഇത് ഗൗരവത്തോടെ കാണണം. സുരേന്ദ്രേട്ടന് നീതി വേണമെന്നും കൊലക്കുറ്റത്തിനു തന്നെ ഈ സൈബർ ക്രിമിനലുകൾക്കെതിരെ കേസെടുപ്പിക്കണമെന്നും പ്രമോദ് ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.

