കേരളത്തിന് രണ്ടാം ദിവസവും ആശ്വാസം: ഇന്നും ആർക്കും കൊവിഡില്ല, 5 പേർക്ക് രോഗമുക്തി


തിരുവനന്തപുരം: സംസ്ഥാനത്തിന് വീണ്ടും ആശ്വാസദിനം. ഇന്നും ആർക്കും കോവിഡ്−19 സ്ഥിരീകരിച്ചിട്ടില്ല. 5 പേർ രോഗമുക്തി നേടി: ഇനി ചികിത്സയിലുള്ളത് 25 പേർ മാത്രമാണ്. ഇതുവരെ രോഗമുക്തി നേടിയവർ 474 ആയി. 56 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കി. 

സംസ്ഥാനത്തിന് തുടർച്ചയായ ആശ്വാസ ദിനങ്ങളാണ് ഉണ്ടായിരിക്കുന്നത്. മാർച്ച് 1, 3, 4, 6, 7 തീയതികളിലാണ് ആർക്കും തന്നെ കോവിഡ് സ്ഥിരീകരിക്കാത്ത ദിനങ്ങളായി കണക്കിൽ രേഖപ്പെടുത്തപ്പെടുന്നത്. അതേസമയം 5 പേരുടെ പരിശോധനാ ഫലം നെഗറ്റീവായിട്ടുമുണ്ട്. കണ്ണൂർ ജില്ലയിൽ നിന്നുള്ള 3 പേരുടേയും കാസർഗോഡ് ജില്ലയിലെ 2 പേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. 474 പേരാണ് ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടിയത്. 25 പേരാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 16,693 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 16,383 പേർ വീടുകളിലും 310 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 131 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 35,171 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാന്പിൾ ഉൾപ്പെടെ) സാന്പിൾ‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 34,519 സാന്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.  

സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകൾ ഇല്ല. അതേസമയം 56 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കി. സംസ്ഥാനത്ത് നിലവിൽ ആകെ 33 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed