അടുക്കളയിലെ വരികൾ (കവിത)


വാക്കുകൾ വിറകു കൊള്ളികൾ പോലെ

അടുക്കി വെച്ച്

ദോശയുടെ വട്ടത്തോടൊപ്പം

കോർത്തിണക്കി

ചോറിന്റെ വേവിനൊപ്പം 

പാകപ്പെട്ട് വരുന്നതാണത്രെ

അടുക്കളയിലെ എഴുത്തുകൾ

ഊതുന്പോൾ പ്രകാശിക്കുന്ന കനലും 

കണ്ണിന് നൽകുന്ന കണ്ണീരും

പൊള്ളുന്ന ചൂടും 

ചേർത്തപ്പോൾ ഉണ്ടായതാണ്

തീയുടെ പ്രകാശവും ശൗര്യവും 

ചേർന്ന വാക്യങ്ങൾ

തൊട്ടു വെക്കുന്പോൾ 

നാവിൽ വരുന്ന എരിവും

അറിയാതെ തൊടുന്പോൾ 

കയ്യിൽ വരുന്ന നീറ്റലും

കറുപ്പിന്റെ കരിയും

എല്ലാം ചേർന്നപ്പോൾ

വാക്കുകളും ഭംഗിയില്ലതായോ

മറന്ന് വെച്ച് ചൂടാറിയ ചായയുടെ

ഒരു കവിൾ ഇറക്കത്തിന്റെ മധുരം

മാത്രമേ ചേർക്കാനുള്ളൂ

നാവിനെയും മനസ്സിനെയും 

ഉണർത്താൻ കെൽപ്പില്ലാത്ത വിധം

അളവ് കുറവായിരുന്നു അതിന്

പുകയുടെ മറ തീർത്ത 

ചുവരുകൾ കാൺകേ

കരിപിടിച്ച കൈകളിലൂടെ

പേനയിലേക്കും കടലാസിലേക്കും

പടർന്ന അടുക്കളയിലെ വരികൾ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed