ശന്പള ഓർഡിനൻസിന് സ്റ്റേയില്ല; സർക്കാരിന്റെ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി
കൊച്ചി: സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ആറു ദിവസത്തെ ശന്പളം പിടിക്കാനുള്ള സർക്കാർ നീക്കത്തിന് ഇടക്കാല സ്റ്റേ വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഓർഡിനൻസ് ഇറക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും സർക്കാരിന്റെ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഓർഡിനൻസ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ഹൈക്കോടതി പ്രത്യേക സാഹചര്യത്തിൽ ഇത്തരം നടപടികൾ വേണ്ടിവന്നേക്കാമെന്നും വ്യക്തമാക്കി.
ശന്പളം പിടിക്കുകയല്ല, മാറ്റിവയ്ക്കുക മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, ആരോഗ്യപ്രവർത്തനങ്ങൾക്ക് മാത്രമായിരിക്കും ജീവനക്കാരിൽനിന്ന് പിടിച്ചെടുക്കുന്ന പണം ഉപയോഗിക്കുകയെന്നും സർക്കാർ നിലപാട് എജി കോടതിയെ അറിയിച്ചു. ജൂൺ രണ്ടാംവാരം കേസ് വീണ്ടും പരിഗണിക്കും. സർക്കാർ ഓർഡിനൻസ് ഇറക്കി ശമ്പളം പിടിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ചൂണ്ടിക്കാട്ടി വിവിധ പ്രതിപക്ഷ സർവീസ് സംഘടനകളും ജീവനക്കാരുമാണ് ഹർജി നൽകിയത്. ആരോഗ്യ പ്രവർത്തകരെ ഇതിൽ നിന്ന് ഒഴിവാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

