സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ റെഡ് അലര്‍ട്ടുകള്‍ പിന്‍വലിച്ചു: ഇടുക്കിയില്‍ മാത്രം ഓറഞ്ച് അലര്‍ട്ട്


തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ടുകള്‍ പിന്‍വലിച്ചു.  ഇടുക്കി ജില്ലയില്‍ മാത്രം ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പകലില്‍ സംസ്ഥാനത്ത് എവിടെയും ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ നിഗമനം. 
അതേസമയം നിലവില്‍ അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപത്തായി രൂപം കൊണ്ട ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിക്കുകയാണ്. അറബിക്കടലിലെ ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ച് തീവ്രന്യൂനമര്‍ദ്ദമായി മാറിയേക്കാം. അതിനിടെ  ആന്ധ്രാ- തമിഴ്നാട് തീരത്തോട് ചേര്‍ന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദം രൂപം കൊണ്ടത് കനത്ത മഴയ്ക്ക് കാരണമായേക്കും.
തുലാമഴ തുടങ്ങി ദിവസങ്ങള്‍ക്കകം തന്നെ 38 ശതമാനം അധികമഴയാണ് കേരളത്തില്‍ ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം കനത്ത വെള്ളക്കെട്ടുണ്ടായ എറണാകുളം സൗത്തില്‍ 24 മണിക്കൂറിനുള്ളില്‍ 20 സെമീ മഴയാണ് പെയ്തത്.  ശക്തമായി പെയ്യുന്ന ഒറ്റപ്പെട്ട മഴ ഇനിയും ആവര്‍ത്തിക്കാനാണ് സാധ്യത. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed