ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം; തീവ്രന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും
വരുന്ന നാലു ദിവസം മഴയുണ്ടാകും. രണ്ട് ദിവസം അതിശക്തമായ മഴ ലഭിക്കും. പിന്നീടുള്ള ദിവസങ്ങളില്‍ മഴയുടെ തീവ്രത കുറഞ്ഞേക്കും. നാളെ 13 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.
അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിച്ച് വടക്ക് കിഴക്കന്‍ തീരത്തേക്ക് നീങ്ങുകയാണ്. ന്യൂനമര്‍ദ്ദം കൂടുതല്‍ ഇന്ത്യന്‍ തീരത്തേക്ക് അടക്കുകയാണ് മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളില്‍ മഴ ലഭിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട്, ആന്ധ്രാ തീരത്ത് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാം. ഇതോടെ അടുത്ത അഞ്ചു ദിവസം കേരള തീരത്ത് മഴ ലഭിക്കാം. ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ഉച്ചയ്ക്ക് ശേഷം അതിശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്.
എറണാകുളം ജില്ലയില്‍ 20 സെന്റീമീറ്റര്‍ വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ആലപ്പുഴയില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. പത്തനംതിട്ടയില്‍ ഇന്നും നാളെയും അതിശക്തമായ മഴ. കൊല്ലത്തും ഇന്നും നാളെയും അതിശക്തമായ മഴ ലഭിക്കും. തിരുവനന്തപുരത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. വടക്കോട്ട് ജില്ലകളില്‍ മൂന്നാം ദിവസം മുതല്‍ കൂടുതല്‍ മഴയ്ക്ക് സാധ്യത.

