വിദ്യാർത്ഥിയുടെ തലയിൽ ഹാമർ വീണ സംഭവത്തിൽ സംഘാടകർക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്


സംസ്ഥാന ജൂനിയർ അത് ലറ്റിക് മീറ്റിനിടെ വോളണ്ടിയറായിരുന്ന വിദ്യാർത്ഥിയുടെ തലയിൽ ഹാമർ വീണ സംഭവത്തിൽ സംഘാടകർക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് ആർഡിഒയുടെ റിപ്പോർട്ട്. അലക്ഷ്യമായാണ് സംഘാർടകർ മീറ്റ് സംഘടിപ്പിച്ചത്. ജാവലിൻ ത്രോ, ഹാമർ ത്രോ മത്സരങ്ങൾ ഒരേസമയം മൈതാനത്ത് നടത്തിയത് ഗുരുതര വീഴ്ചയാണെന്നും ആർഡിഒയുടെ അന്വേഷണത്തിൽ വ്യക്തമായി. റിപ്പോർട്ട് ഇന്ന് തന്നെ കളക്ടർക്ക് കൈമാറും.
ജാവലിൻ, ഹാമർ മത്സരങ്ങൾ നടത്തുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണു പാലായിൽ മത്സരങ്ങൾ സംഘടിപ്പിച്ചത്. ഇതിനു പുറമേ കായികാധ്യാപകരുടെ ചട്ടപ്പടി സമരം നടക്കുന്നതിനാൽ പല കാര്യങ്ങൾക്കും നിയോഗിച്ചിരുന്നതു വിദ്യാർത്ഥികളെയായിരുന്നു. അത്‌‌ലറ്റിക്സ് അസോസിയേഷന് നിരവധി ഒഫീഷ്യൽസ് ഉണ്ടായിരുന്നിട്ടും സമരത്തിൽ പങ്കെടുക്കുന്നതിനാൽ പലരും പാലാ സ്റ്റേഡിയത്തിലേക്കു തിരിഞ്ഞു നോക്കിയതേയില്ല. വിദ്യാർത്ഥികളെ തന്നെ പോയിന്‍റ് എഴുതാനും ദൂരം അളക്കാനുമൊക്കെ നിയോഗിക്കേണ്ട ഗതികേടിലായിരുന്നു സംഘാടകർ. അപകടമുണ്ടായതു സംബന്ധിച്ചു സമഗ്ര അന്വേഷണം നടത്തണമെന്നും കായിക നിബന്ധനകൾക്ക് വിധേയമല്ലാതെയും ആവശ്യത്തിന് സുരക്ഷയൊരുക്കാതെയും സംസ്ഥാന മത്സരങ്ങൾ പോലും തട്ടിക്കൂട്ടുതരത്തിൽ നടത്തുന്നത് തടയണമെന്നും കായികതാരങ്ങൾ ആവശ്യപ്പെട്ടു.

പ്രധാന ത്രോ മത്സരങ്ങൾ നടക്കുമ്പോഴും സ്റ്റേഡിയത്തിനുള്ളിൽ തലങ്ങും വിലങ്ങും നടക്കുന്ന വോളണ്ടിയർമാരെ കാണാമായിരുന്നു. പരിക്കേറ്റതോടെ സംഘാടകർ, അഫീലിന്‍റെ തെറ്റു കൊണ്ടാണു അപകടം സംഭവിച്ചതെന്നു വരുത്തിത്തീർക്കാനുള്ള ശ്രമം നടത്തിയതായും പറയുന്നു. വിദ്യാർത്ഥികളെ നിർബന്ധിച്ചാണു വോളണ്ടിയറാക്കിയതെന്നും ആക്ഷേപമുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed