ജമ്മു കശ്മീരില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം; അഞ്ചു പ്രദേശവാസികള്‍ക്ക് പരിക്കേറ്റു
ശ്രീഗനഗര്‍: ജമ്മുകശ്മീരിലെ അനന്ത് നാഗിൽ ഭീകരർ നടത്തിയ ഗ്രനേഡാക്രമണത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു. ഇതിനിടെ പാക് അധീന കശ്മീരിലുള്ളവർ അതിർത്തി കടക്കരുതെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാൻഖാൻ ട്വീറ്റ് ചെയ്തു. അനന്ത്നാഗിൽ ഇന്നു രാവിലെയാണ് ഭീകരാക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ ഭീകരർ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിനു പുറത്ത് ഗ്രനേഡ് എറിയുകയായിരുന്നു. പ്രദേശവാസികള്‍ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
ജമ്മുകശ്മീരിൽ പാക് സേനയുടെ പിന്തുണയോടെ എല്ലാ ദിവസവും ഭീകരർ നുഴഞ്ഞുകയറ്റത്തിന് ശ്രമിക്കുന്നതിന്‍റെ തെളിവ് ഇന്ത്യ പുറത്തുവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പാക് അധീന കശ്മീരിലുള്ളവർ നിയന്ത്രണരേഖ കടക്കരുത് എന്ന് ഇമ്രാൻഖാന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
പാക് അധീന കശ്മീരിലുള്ളവര്‍ അതിര്‍ത്തി കടക്കുന്നതിനെ ഇസ്ലാമിക ഭീകരവാദമായി ഇന്ത്യ ചിത്രീകരിക്കുന്നെന്നാണ് ഇമ്രാന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതിനെ ഇന്ത്യ ജമ്മുകശ്മീരിലെ നടപടികൾക്ക് മറയാക്കുമെന്നും ഇമ്രാൻ ട്വീറ്റില്‍ പറയുന്നു. പാക് കേന്ദ്രീകൃത ഭീകരവാദത്തിലേക്ക് ഇന്ത്യ ലോകശ്രദ്ധ തിരിക്കുമ്പോഴാണ് ട്വീറ്റിലൂടെയുള്ള ഇമ്രാൻറെ ഈ മുൻകൂർ ജാമ്യം.

