42 വർഷത്തെ ദുരൂഹതയ്ക്ക് വിരാമം: സുകുമാരക്കുറുപ്പ് മരിച്ചെന്ന് നിഗമനം; കേസ് അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച്
ശാരിക
തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയായ സുകുമാര കുറുപ്പിനായുള്ള 42 വർഷം നീണ്ട തിരച്ചിലുകൾക്കും ദുരൂഹതകൾക്കും വിരാമമിട്ട് കേസ് അവസാനിപ്പിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. ഹൃദ്രോഗത്തെ തുടർന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ കുറുപ്പ് മരിച്ചെന്ന സൂചനയാണ് കേസ് വീണ്ടും അന്വേഷിച്ച സംഘത്തിന് ലഭിച്ചത്. അന്വേഷണം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഐജി അജിതാ ബീഗം ഉടൻ ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറും.
തീരുമാനമാകാത്ത കേസുകൾ തീർപ്പാക്കുന്നതിന്റെ ഭാഗമായി രണ്ടു മാസം മുൻപാണ് സുകുമാരക്കുറുപ്പിന്റെ കേസ് ക്രൈംബ്രാഞ്ച് വീണ്ടും പൊടിതട്ടിയെടുത്തത്. ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുന്നതിനിടെയാണ് നിർണ്ണായക വെളിപ്പെടുത്തൽ ഉണ്ടാകുന്നത്. കൊൽക്കത്തയിലെ ഒരു ആശുപത്രിയിൽ ഹൃദ്രോഗ ചികിത്സയ്ക്കെത്തിയ കുറുപ്പിനെ കണ്ടതായി ജാർഖണ്ഡിൽ നഴ്സായിരുന്ന ആലപ്പുഴ സ്വദേശി രത്നമ്മ മൊഴി നൽകിയിരുന്നു.
രത്നമ്മ ജോലി ചെയ്തിരുന്ന ആശുപത്രിയിൽ ഹൃദ്രോഗത്തെ തുടർന്ന് ഐസിയുവിലായിരുന്ന കുറുപ്പിന് അന്ന് ഏകദേശം 40 വയസ്സായിരുന്നു പ്രായം. കടുത്ത ഹൃദ്രോഗിയായിരുന്ന കുറുപ്പ് പിന്നീട് ഇന്നുവരെയുള്ള 40 വർഷക്കാലം ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കൂടാതെ, കുറുപ്പിന്റെ ഭാര്യ ഉൾപ്പെടെയുള്ള ബന്ധുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കുറുപ്പുമായി ഇവർക്ക് പിന്നീട് യാതൊരു ബന്ധവുമില്ലെന്ന് ഉറപ്പിച്ചു. ഇവയുടെ അടിസ്ഥാനത്തിലാണ് കുറുപ്പ് ജീവനോടെയില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച് എത്തിയത്.
മാവേലിക്കര കോടതിയിലുള്ള ലോങ് പെൻഡിംഗ് കേസുകളിൽ ഒന്നാണ് സുകുമാര കുറുപ്പിന്റേത്. ക്രൈംബ്രാഞ്ച് കോടതിയിൽ കേസ് അവസാനിപ്പിച്ചുകൊണ്ട് റിപ്പോർട്ട് കൈമാറുന്നതോടെ, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ ചെറിയനാട് വില്ലേജിൽ പുത്തൻ വീട്ടിൽ ശിവരാമ കുറുപ്പിന്റെ മകൻ ഗോപാലകൃഷ്ണ കുറുപ്പ് എന്ന സുകുമാരക്കുറുപ്പ് കേസ് ഇനി ചരിത്രത്തിന്റെ ഭാഗമാകും.
1984 ജനുവരി 22-നാണ് കേരളത്തെ ഞെട്ടിച്ച ക്രൂരകൃത്യം നടക്കുന്നത്. തന്റെ പേരിലുള്ള ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി, താൻ മരിച്ചെന്ന് വരുത്തിത്തീർക്കാൻ സ്വന്തം രൂപസാദൃശ്യമുള്ള ചാക്കോ എന്ന ഫിലിം റെപ്രസന്റേറ്റീവിനെ കുറുപ്പും സംഘവും കഴുത്തുഞെരിച്ച് കൊന്ന് കാറിലിട്ട് ചുട്ടെടുക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ കുറുപ്പിനായി ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും വർഷങ്ങളോളം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന ഷൗക്കത്തലി ഫയലുകൾ പുനഃപരിശോധിച്ച് അന്വേഷണം നടത്തിയെങ്കിലും അതും ഫലം കണ്ടിരുന്നില്ല.
sdfsdf

