ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റിനു വഴിയൊരുക്കി വഫയുടെ രഹസ്യമൊഴി


തിരുവനന്തപുരം∙ മാധ്യമപ്രവര്‍ത്തകൻ കെ.എം ബഷീർ കാറിടിച്ചു മരിച്ച സംഭവത്തിൽ സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റിനു വഴിയൊരുക്കിയത്  വഫാ ഫിറോസിന്റെ മൊഴി. ശ്രീറാം മദ്യപിച്ചു വാഹനമോടിച്ചെന്ന മൊഴി അപകട സമയത്ത് ഒപ്പമുണ്ടായിരുന്ന വഫ മജിസ്ട്രേറ്റിനു മുന്നിലും ആവര്‍ത്തിച്ചു. കവടിയാര്‍ പാര്‍ക്കില്‍ നിന്ന് ശ്രീറാം വാഹനത്തില്‍ കയറി. മദ്യപിച്ചു വാഹനമോടിക്കേണ്ടെന്നു പറഞ്ഞപ്പോള്‍ വകവച്ചില്ലെന്നും അമിതവേഗതയോടെയാണ് വണ്ടിയോടിച്ചത് എന്നുമാണ് വഫയുടെ മൊഴി. വഫ ഫിറോസും കേസിൽ പ്രതിയാകും. ശനിയാഴ്ച പുലര്‍ച്ചെയാണ് ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചു മാധ്യമപ്രവര്‍ത്തകന്‍ മരിച്ചത്. സിറാജ് ദിനപ്പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം ബഷീറാണ് മരിച്ചത്. ക്ലബിലെ പാര്‍ട്ടികഴിഞ്ഞു പെണ്‍സുഹൃത്തിനൊപ്പം ശ്രീറാം മടങ്ങവേ മ്യൂസിയം റോഡില്‍ പബ്ലിക് ഓഫിസിനു മുൻപിലാണ് അപകടമുണ്ടായത്. 
ശ്രീറാമിന്റെയും വഫയുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യും. ശ്രീറാം വെങ്കിട്ടരാമന്റേയും വഫ ഫിറോസിന്റേയും ഡ്രൈവിങ് ലൈസന്‍സ് മോട്ടോര്‍വാഹനവകുപ്പ് സസ്പെന്‍ഡ് ചെയ്യും. ശ്രീറാമിന്റേതു മദ്യപിച്ച് വാഹനമോടിച്ചതിനും വഫയുടേത് അമിതവേഗത്തിനുമാണ് സസ്പെന്‍ഡ് ചെയ്യുക. ശ്രീറാമിന്റ രക്തസാംപിള്‍ എടുക്കാന്‍ പോലീസ് വൈകിയതിനെക്കുറിച്ചു മനുഷ്യാവകാശ കമ്മീഷന്‍ ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed