കോൺഗ്രസുമായി ഉപതെരഞ്ഞെടുപ്പിൽ സഖ്യമില്ലെന്ന് കുമാരസ്വാമി
ബംഗളൂരു: കോൺഗ്രസുമായി ഉപതെരഞ്ഞെടുപ്പിൽ സഖ്യമില്ലെന്ന് കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. സ്പീക്കർ കെ.ആർ രമേഷ് കുമാർ വിമത എംഎൽഎമാർക്ക് അയോഗ്യത കൽപ്പിച്ചതോടെ ഒഴിവുവന്ന 17 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസും ജെഡിഎസും സഖ്യമില്ലാതെ മത്സരിക്കും. ഇതോടെ 14 മാസം നീണ്ട ജെഡിഎസ്-കോൺഗ്രസ് ബന്ധത്തിന് അവസാനമായി. മാണ്ഡ്യ ജില്ലയിലെ കെ.ആർ പേട്ടിൽ റാലിയിൽ കോൺഗ്രസ് സഖ്യത്തിനെതിരെ ജെഡിഎസ് പ്രവർത്തകർ ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്. അതിനു പിന്നാലെയാണ് കോൺഗ്രസുമായുള്ള സഖ്യം അവസാനിച്ചതായി കുമാരസ്വാമി പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ മണ്ഡലങ്ങളിലും ജെഡിഎസ് സ്ഥാനാർഥികളെ നിർത്തണമെന്ന് പാർട്ടിക്കുള്ളിൽ ശക്തമായ സമ്മർദമാണ് ഉണ്ടാകുന്നതെന്ന് കുമാരസ്വാമി പറഞ്ഞു. കോണ്‍ഗ്രസ് - ജെഡിഎസ് വിമത എംഎല്‍എമാര്‍ പിന്തുണ പിൻവലിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് കുമാരസ്വാമിക്ക് അധികാരം നഷ്ടപ്പെട്ടത്. 14 മാസം കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ അധികാരത്തില്‍ തുടര്‍ന്ന അദ്ദേഹം വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടുകയായിരുന്നു.

