കൊച്ചിയിലെ സിപിഐ മാർച്ചിൽ അതൃപ്തി പരസ്യമാക്കി കാനം
തിരുവനന്തപുരം: എറണാകുളത്ത് സിപിഐ നടത്തിയ മാർച്ചിനെതിരെ അതൃപ്തി പരസ്യമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത്. പ്രതിഷേധിക്കുന്പോൾ ഭരണകക്ഷിയാണെന്നത് മറക്കരുതെന്ന് കാനം രാജേന്ദ്രൻ ഒരു പ്രമുഖ ചാനൽ പരിപാടിക്കെതിരെ പറഞ്ഞു. പോലീസിനെ തല്ലുന്ന സമരം ഉണ്ടാകാറുണ്ടെങ്കിലും അത് സാഹചര്യം മനസ്സിലാക്കിയായിരിക്കണം സമരമെന്ന് കാനം രാജേന്ദ്രൻ വ്യക്തമാക്കി. ആരാണ് ഭരിക്കുന്നത്, എന്താണ് സ്ഥിതി എന്ന ബോധ്യം നേതൃത്വത്തിന് വേണമെന്നും കാനം പറഞ്ഞു.
ഡിഐജി ഓഫീസ് മാർച്ചിനിടെ എംഎൽഎ അടക്കം സിപിഐ പാർട്ടി നേതാക്കളെ പോലീസ് മർദ്ദിച്ച സംഭവത്തിൽ പോലീസിനെ ന്യായീകരിക്കും വിധം കാനം രാജേന്ദ്രൻ പ്രതികരിച്ചെന്ന് പാർട്ടിയിൽ തന്നെ വിമർശനം ഉയർന്നിരുന്നു. ഇതിനുപിന്നാലെ കാനം സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ നഗരത്തിൽ പോസ്റ്ററും പ്രത്യക്ഷപ്പെട്ടിരുന്നു.

