വിദ്യാർത്ഥി ബസിൽ നിന്ന് തെറിച്ചുവീണ സംഭവം; ബസ് കസ്റ്റഡിയിൽ, ഡ്രൈവർക്കെതിരെ കേസ്
ഷീബ വിജയൻ
ബസിൽ നിന്നും വിദ്യാർത്ഥി തെറിച്ചു വീണ സംഭവത്തിൽ പറവൂർ-വൈപ്പിൻ റൂട്ടിൽ സർവീസ് നടത്തുന്ന 'സുൽത്താൻ' എന്ന ബസിന്റെ ഡ്രൈവർക്കെതിരെ മുനമ്പം പോലീസ് കേസെടുത്തു. അപകടമുണ്ടാക്കിയ ബസ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചെറായി പള്ളി ബസ്‌സ്റ്റോപ്പിന് സമീപം തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അപകടം നടന്നത്. സ്റ്റോപ്പ് എത്തുന്നതിന് മുൻപ് തന്നെ ഡ്രൈവർ ബസിന്റെ ഓട്ടോമാറ്റിക് ഡോർ തുറന്നതിനെ തുടർന്ന്, ഇറങ്ങാൻ തയ്യാറായി നിന്ന പറവൂർ ബോയ്‌സ് ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ സായന്ത് (12) പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. താടിയെല്ലിനും മുഖത്തും കണ്ണിനും പരിക്കേറ്റ കുട്ടിയെ കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന് ശേഷം ബസ് നിർത്തിയെങ്കിലും കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കാതെ കടന്നുകളഞ്ഞതും സംഭവം പോലീസിൽ അറിയിക്കാതിരുന്നതും ഗുരുതരമായ വീഴ്ചയാണെന്ന് പോലീസ് വ്യക്തമാക്കി. അപകടം വരുത്തിയ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
fgfg

