വൈറ്റില മേൽപ്പാലം നിർമ്മാണത്തിലും ക്രമക്കേട്; ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് റിപ്പോർട്ട്
കൊച്ചി: പാലാരിവട്ടം പാലത്തിന് പിറകെ വൈറ്റില മേൽപ്പാലത്തിന്‍റെ നിർമ്മാണത്തിലും ക്രമക്കേട്. നിർമ്മാണത്തിന്‍റെ മേൽനോട്ടത്തിൽ ഉദ്യോഗസ്ഥരും കരാറുകാരനും വീഴ്ച വരുത്തിയെന്നാണ് പൊതുമരാമത്ത് വകുപ്പ് വിജിലൻസിന്‍റെ കണ്ടെത്തൽ.
വൈറ്റില മേൽപ്പാലം നിർമ്മാണത്തിന്‍റെ മേൽനോട്ടത്തിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തുന്നതായി ആക്ഷേപം ഉയർന്നതിനെ തുടർന്നാണ് പൊതുമരാമത്തു വകുപ്പ് ജില്ലാ വിജിലൻസ് ഓഫീസർ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് കോൺക്രീറ്റ് നടക്കുന്ന സമയത്ത് എക്സിക്യൂട്ടീവ് എൻജിനീയർ സ്ഥലത്ത് ഉണ്ടാകാറില്ലെന്ന് കണ്ടെത്തിയത്. കോൺക്രീറ്റ് മിക്സിംഗിലെ മാറ്റങ്ങൾ അംഗീകരിക്കേണ്ടത് ഇദ്ദേഹമാണ്. കരാറുകാർ കോൺക്രീറ്റ് തയ്യാറാക്കുന്നത് പരിചയ സന്പന്നരായ സൂപ്പർവൈസർമാരുടെ മേൽനോട്ടത്തിൽ അല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസം പതിമൂന്നിന് പണിത ഗർഡർ, പതിനാലിന് സ്ഥാപിച്ച ഡെക്ക് സ്ലാബ് എന്നിവക്ക് ഉപയോഗിച്ച കോൺക്രീറ്റിന്റെ ഗുണനിലവാരം സംബന്ധിച്ച പരിശോധന ഫലം ഇതുവരെ ലഭ്യമാക്കിയിട്ടില്ല. ഈ മാസം രണ്ടാം തീയതി ഡെക്ക് സ്ലാബ് കോൺക്രീറ്റ് ചെയ്തപ്പോൾ നടത്തിയ പരിശോധനയിലും പരിചയ സന്പന്നരായ സൂപ്പർ വൈസർമാരെ കരാറുകാരൻ നിയമിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതായി ജില്ലാ വിജിലൻസ് ഓഫീസർ ഡെപ്യൂട്ടി ചീഫ് വിജിലൻസ് ഓഫീസർക്ക് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. പ്ലാന്റിൽ ഗുണനിലവാരം പരിശോധിക്കുന്നതിന് ലാബുമില്ല.
എക്സിക്യൂട്ടീവ് എൻജിനീയറുടെ അസാന്നിധ്യം പണികളെ ബാധിക്കുമെന്ന് മേലുദ്യാഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഉദ്യോഗസ്ഥർ കൃത്യ നിർവഹണത്തിൽ വരുത്തിയ വീഴ്ചയാണ് ഗുണനിലവാരം കുറയാൻ കാരണമെന്നാണ് വിജിലൻസ് വിഭാഗത്തിന്‍റെ നിഗമനം. ഇക്കാര്യത്തില്‍ പൊതുമരാമത്ത് വകുപ്പ് ശേഖരിച്ച സാംപിളുകളുടെ പരിശോധന ഫലം വന്നതിനു ശേഷം കൂടുതൽ നടപടികൾ ഉണ്ടായേക്കും.

