മുതിർന്ന കോൺഗ്രസ് നേതാവ് ജയ്‍പാൽ റെഡ്ഡി അന്തരിച്ചു
ഹൈദരാബാദ്: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ജയ്പാൽ റെഡ്ഡി (77) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. കടുത്ത പനിയെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസമായി അദ്ദേഹം ചികിത്സയിലായിരുന്നു.
1942ൽ ജനിച്ച റെഡ്ഡി ഒസ്മാനിയ സർവ്വകലാശാലയിലെ വിദ്യാർത്ഥി നേതാവായാണ് രാഷ്ട്രീയ രംഗത്ത് എത്തുന്നത്. 1970−ൽ അദ്ദേഹം കോൺഗ്രസ് ടിക്കറ്റിൽ എം.എൽ.എയായി. പ്രഭാഷകൻ എന്ന നിലയിൽ പേരെടുത്ത റെഡ്ഡി പിൽക്കാലത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിലും ദേശീയ നേതൃത്വത്തിലും ശ്രദ്ധേയനായ വ്യക്തിത്വമായി മാറി.
രണ്ട് യു.പി.എ മന്ത്രിസഭകളിലും അംഗമായിരുന്നു അദ്ദേഹം. ഐ.കെ ഗുജ്‌റാളിന്റെയും മൻമോഹൻസിങ്ങിന്റെയും കാലത്തു വാർത്താവിനിമയ മന്ത്രാലയത്തിന്റെ ചുമതല വഹിച്ചു. യു.പി.എ സർക്കാരിൽ പെട്രോളിയം, നഗരവികസനം, സാംസ്കാരികം, ശാസ്ത്ര സാങ്കേതികം എന്നീ വകുപ്പുകളും കൈകാര്യം ചെയ്തു. കോൺഗ്രസിൽ പൊതുജീവിതം തുടങ്ങിയ ജയ്പാൽ റെഡ്ഢി 15 വർഷം ആന്ധ്ര നിയമസഭാംഗമായിരുന്നു.
അടിയന്തരാവസ്ഥയോട് കലഹിച്ചു കോൺഗ്രസ് വിട്ട് സോഷ്യലിസ്റ്റ് ധാരയിലെത്തി. ജനത പാർട്ടിയിൽ ചേർന്നു. 1980ൽ ഇന്ദിരാഗാന്ധി മേഡക്കിൽ മത്സരിച്ചപ്പോൾ എതിരാളി ജയ്പാൽ റെഡ്ഢി ആയിരുന്നു. ജനത പാർട്ടിയുടെ പ്രധാന നേതാക്കളിൽ ഒരാളായി ഉയർന്ന റെഡ്ഢി 1991ൽ രാജ്യസഭയിൽ പ്രതിപക്ഷ നേതാവായി. 21 വർഷത്തെ ഇടവേളക്ക് ശേഷം 1998ൽ കോൺഗ്രസിൽ തിരിച്ചെത്തി. പിൽക്കാലത്ത് നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായി മാറിയ അദ്ദേഹം പാർട്ടിയുടെ ശക്തനായ വക്താവുമായി.

