മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്: കോടതിച്ചിലവ് നൽകി ഹർജി പിൻവലിക്കാനില്ലെന്ന് കെ. സുരേന്ദ്രൻ
കൊച്ചി: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസിൽ ഹർജിക്കാരനായ സുരേന്ദ്രനിൽ നിന്ന് കോടതിച്ചെലവ് ഈടാക്കിക്കിട്ടണമെന്ന് അബ്ദുൾ റസാഖിന്‍റെ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു. മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് കേസിലെ നടപടികൾ ഹൈക്കോടതി ഇന്ന് അവസാനിപ്പിക്കാനിരിക്കവേയാണ് അബ്ദുൾ റസാഖിന്‍റെ അഭിഭാഷകൻ സുരേന്ദ്രനിൽ നിന്നും കോടതിച്ചെലവ് കിട്ടണം എന്ന ആവശ്യവുമായി മുന്നോട്ടുവന്നത്.
എന്നാൽ കോടതിച്ചെലവ് ആവശ്യപ്പെടുകയാണ് എന്നുണ്ടെങ്കിൽ താൻ ഹർജി പിൻവലിക്കാൻ തയ്യാറല്ലെന്ന് സുരേന്ദ്രൻ കോടതിയിൽ അറിയിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് വാദം കേൾക്കാൻ കോടതി കേസ് ഈ മാസം 15 −ലേക്ക് മാറ്റിവച്ചു. 2016 ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ പി.ബി അബ്ദുൽ റസാഖിനോട് 89 വോട്ടുകൾക്ക് പരാജയപ്പെട്ട സുരേന്ദ്രൻ അബ്ദുൾ റസാഖിന്‍റെ വിജയം കള്ളവോട്ടിലൂടെയെന്ന് ആരോപിച്ചായിരുന്നു ഹർജി സമർപ്പിച്ചത്.
കേസ് പിൻവലിക്കാൻ കെ. സുരേന്ദ്രന് ഹൈക്കോടതി നേരത്തെ അനുമതി നൽകിയിരുന്നു. ഹർജി പിൻവലിക്കുന്നതിൽ ആക്ഷേപമുണ്ടെങ്കിൽ അറിയിക്കാൻ കോടതി അനുവദിച്ച 10 ദിവസത്തെ സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് അബ്ദുൾ റസാഖിന്‍റെ അഭിഭാഷകൻ കോടതിച്ചെലവ് സുരേന്ദ്രനിൽ നിന്ന് ഈടാക്കിക്കിട്ടണം എന്ന ആവശ്യമുന്നയിച്ചത്.

