"നായന്മാർ ജയിലിലാകുന്നതിന്റെ എണ്ണം കൂടി": എൻ.എസ്.എസ് നേതൃത്വത്തിനെതിരെ അനൂപ് ചന്ദ്രന്റെ രൂക്ഷവിമർശനം
ഷീബ വിജയൻ
എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ രംഗത്തെത്തി. സുകുമാരൻ നായർ എൻ.എസ്.എസിന്റെ അധികാരം ഏറ്റെടുത്തതിന് ശേഷം നായർ സമുദായത്തിന് വലിയ രീതിയിലുള്ള അപചയമാണ് സംഭവിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം തിരുവനന്തപുരം മന്നം ക്ലബ്ബിൽ 'ദേവതാരുവിലെ ഇത്തിൾക്കണ്ണികൾ' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുകുമാരൻ നായർ അധികാരം ഏറ്റെടുത്ത ശേഷം ജയിലിൽ കിടക്കുന്ന നായന്മാരുടെ എണ്ണം മുൻപത്തേക്കാൾ വർധിച്ചതായി അനൂപ് ചന്ദ്രൻ ആരോപിച്ചു. മുൻപ് സാംസ്കാരിക നായകന്മാരെ നായർ സമുദായം നയിച്ചിരുന്നപ്പോൾ ‘സാംസ്കാരിക നായന്മാർ’ എന്ന പ്രയോഗം പോലും ഉണ്ടായിരുന്നു. പ്രതാപശാലിയായ സാംസ്കാരിക നായന്മാരുള്ള നായർ സമുദായം, ഇന്ന് ഒരു നേരത്തെ ഉപ്പിനും മുളകിനും വേണ്ടി മറ്റുള്ളവരിൽ നിന്ന് പിടിച്ചുപറിക്കുന്ന അവസ്ഥയിലേക്ക് അധഃപതിച്ചുവെന്നും, സമുദായത്തിന് ഈ ദുരവസ്ഥ ഉണ്ടാക്കിയത് സുകുമാരൻ നായരുടെ നേതൃത്വമാണെന്നും അദ്ദേഹം ആരോപിച്ചു.
താൻ എസ്.എഫ്.ഐയിൽ സജീവമായിരുന്ന കാലത്തുണ്ടായ വ്യക്തിപരമായ അനുഭവം പങ്കുവെച്ചുകൊണ്ടാണ് അനൂപ് ചന്ദ്രൻ വിമർശനങ്ങൾ ഉന്നയിച്ചത്. പന്തളത്തുള്ള തന്റെ സുഹൃത്തിന്റെ സഹോദരിക്ക് പന്തളം എൻ.എസ്.എസ് കോളജിൽ അഡ്മിഷൻ വാങ്ങുന്നതിനായി ചങ്ങനാശ്ശേരിയിൽ ചെന്ന് സുകുമാരൻ നായരെ കണ്ടു. പന്തളത്തെ കരയോഗാംഗമായ ശിവൻകുട്ടി നൽകിയ ശുപാർശ കത്തുമായാണ് സുഹൃത്തുക്കൾ സുകുമാരൻ നായരെ കാണാൻ ചെന്നത്. എന്നാൽ കത്തുമായി ചെന്ന സുഹൃത്തുക്കളെ സുകുമാരൻ നായർ അതിരൂക്ഷമായ ഭാഷയിൽ അധിക്ഷേപിക്കുകയും പുലഭ്യം പറയുകയും ചെയ്തു. "ആരാണ് ശിവൻകുട്ടി" എന്ന് ചോദിച്ച് ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ പറഞ്ഞു.
സുകുമാരൻ നായരിൽ നിന്നും മോശം അനുഭവം നേരിട്ട് പുറത്തിറങ്ങിയ തങ്ങൾ എന്തുചെയ്യണമെന്ന് അറിയാതെ നിൽക്കുമ്പോഴാണ് ഒരു കെ.എസ്.യു നേതാവ് വഴി കോൺഗ്രസ് നേതാവ് പി.ജെ. കുര്യനെ ബന്ധപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിവരമറിഞ്ഞ പി.ജെ. കുര്യൻ പന്തളം എൻ.എസ്.എസ് കോളജ് പ്രിൻസിപ്പലിനെ ഫോണിൽ വിളിച്ച് അഡ്മിഷൻ നൽകാൻ ആവശ്യപ്പെടുകയും യാതൊരു ബുദ്ധിമുട്ടും കൂടാതെ എളുപ്പത്തിൽ അഡ്മിഷൻ ലഭിക്കുകയും ചെയ്തു. സമുദായത്തിലെ സാധാരണക്കാർക്ക് പട്ടിയുടെ വില പോലും നൽകാത്ത രീതിയിലാണ് നായർ നേതൃത്വം പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നായന്മാരെ കുറിച്ച് തന്റെ അച്ഛൻ പറഞ്ഞ ഒരു കഥയും അദ്ദേഹം ഓർത്തെടുത്തു. ഒരാൾ സ്വർഗ്ഗം കാണാൻ വേണ്ടി ചെന്നപ്പോൾ അവിടെ മുസ്ലിംകളെയും ക്രിസ്ത്യാനികളെയും മറ്റ് സമുദായങ്ങളെയും ചങ്ങലയിൽ കെട്ടി കുറ്റിയിൽ അടിച്ചിരിക്കുന്നു. എന്നാൽ നായന്മാരെ മാത്രം ഒരു തെങ്ങുംകുഴിയിൽ വെറുതെ ഇട്ടിരിക്കുകയാണ്. ഇതുകണ്ട സന്ദർശകൻ ദേവേന്ദ്രനോട് ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ, അത് ആനുകൂല്യം കൊടുത്തതല്ലെന്നും ഏതെങ്കിലും ഒരുത്തൻ അതിലൂടെ വലിഞ്ഞു കേറി രക്ഷപ്പെടാൻ നോക്കിയാൽ മറ്റവൻ കാലിൽ പിടിച്ച് വലിച്ച് താഴെ ഇടും എന്നതുകൊണ്ടു മാത്രമാണെന്നും ദേവേന്ദ്രൻ മറുപടി നൽകി. പരസ്പരം കാലുവലിക്കാതെ ഒറ്റക്കെട്ടായിട്ട് മുന്നോട്ട് പോകേണ്ട സമയമാണിതെന്നും അനൂപ് ചന്ദ്രൻ പറഞ്ഞു.
ചങ്ങനാശ്ശേരിയിൽ ഒരിക്കൽ പോയാൽ പിന്നെ ഒരുത്തനും അങ്ങോട്ട് പോകില്ല എന്ന് ഗണേഷ് കുമാർ പറഞ്ഞ കാര്യവും അദ്ദേഹം ഓർമിപ്പിച്ചു. തന്റെ ജീവിതത്തിൽ ഒരു പ്രാവശ്യമേ അവിടെ പോയിട്ടുള്ളൂവെന്നും, ചങ്ങനാശേരിയിൽ ഒരു ആവശ്യത്തിന് പോയപ്പോൾ സുഹൃത്തിന്റെ നിർബന്ധത്തിന് വഴങ്ങി കേറിയതാണെന്നും അദ്ദേഹം പറഞ്ഞു. അവിടെ ചെന്നപ്പോൾ ജനറൽ സെക്രട്ടറി മുകളിലുണ്ടെന്നും കണ്ട് പോകാമെന്നും പറഞ്ഞു. എന്നാൽ മുക്കാൽ മണിക്കൂറിന് ശേഷം അദ്ദേഹം ഊണ് കഴിക്കാൻ പോവുകയാണെന്നും അത് കഴിഞ്ഞ് ഉറങ്ങാൻ പോവുകയാണെന്നും അഞ്ചു മണിക്ക് ശേഷമേ കാണാൻ പറ്റൂ എന്നും അറിയിച്ചു. സമൂഹത്തോട് പ്രതിബദ്ധതയുള്ള ഒരു കലാകാരൻ ചെല്ലുമ്പോൾ അതിന്റെ നേതാവ് ഇങ്ങനെയാണോ പെരുമാറേണ്ടത് എന്ന് ഓർത്തു പോയെന്നും, സുരേഷ് ഗോപിയെ അവിടെനിന്ന് ഇറക്കിവിട്ട സംഭവം വിവാദമായപ്പോൾ താൻ ഇതിനെതിരെ പ്രതികരിച്ചിരുന്നതായും അനൂപ് ചന്ദ്രൻ വ്യക്തമാക്കി.
dvdfddssdf

