നെടുങ്കണ്ടം കസ്റ്റഡി മരണം: ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ
തിരുവനന്തപുരം: നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിലാണ് സർക്കാർ നിർണായക തീരുമാനം എടുത്തത്. റിട്ട. ജഡ്ജി ജസ്റ്റിസ് നാരായണക്കുറുപ്പിനാകും അന്വേഷണച്ചുമതല. ആദ്യഘട്ട അന്വേഷണത്തിനു ശേഷം ക്രൈംബ്രാഞ്ച് എസ്.പി. സാബു ഡി.ജി.പിക്കു റിപ്പോർട്ട് നൽകി.
ജൂൺ 21 നാണ് പൊലീസ് കസ്റ്റഡിയിലെടുത്ത കുമാർ റിമാൻഡിലിരിക്കെ മരിച്ചത്. കസ്റ്റഡിയിലിരിക്കെ ക്രൂരമായ മർദ്ദനത്തിനാണ് കുമാർ ഇരയായതെന്ന് ക്രൈംബ്രാഞ്ചിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കസ്റ്റഡിയിൽ എടുക്കുന്പോൾ പാലിക്കേണ്ട മാനദണ്ധങ്ങൾ എല്ലാം ലംഘിച്ചു നടത്തിയ കഠിനമർദ്ദനമാണ് മരണത്തിലേക്കു നയിച്ചത്.
സംഭവത്തിൽ നാലു പൊലീസുകാരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. കുമാറിനെ അറസ്റ്റു രേഖപ്പെടുത്താതെ നാലു ദിവസം കസ്റ്റഡിയിൽ വച്ചത് ഇടുക്കി ജില്ലാ പൊലീസ് മേധാവി (എസ്.പി) ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ അറിഞ്ഞുകൊണ്ടാണെന്ന് അറസ്റ്റിലായ എസ്.ഐ കെ.എം സാബു ക്രൈംബ്രാഞ്ചിനു മൊഴി നൽകിയിട്ടുണ്ട്. കുമാറിന്റെ ഫോട്ടോ എസ്.പി ഉൾപ്പെടെയുള്ളവർക്ക് വാട്സാപ്പിൽ കൊടുത്തിരുന്നുവെന്നും എസ്.ഐയുടെ മൊഴിയിൽ പറയുന്നു.

