ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിൽ ശക്തമായ ഭൂചലനം: 20 മരണം; നിരവധി കെട്ടിടങ്ങൾ തകർന്നു
ശാരിക
ജക്കാർത്ത: കിഴക്കൻ ഇന്തോനേഷ്യയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഫ്ലോറസ് ദ്വീപിൽ റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവിപ്പെട്ടു. ദുരന്തത്തിൽ കുറഞ്ഞത് 20 പേരെങ്കിലും കൊല്ലപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു. നിരവധി കെട്ടിടങ്ങൾ തകരുകയും പ്രദേശത്ത് വൻ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
ഭൂചലനത്തെ തുടർന്ന് കടൽ പിന്നോട്ട് പോയതോടെ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് ഇത് പിൻവലിച്ചു. എങ്കിലും തുടർചലനങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കേടുപാടുകൾ സംഭവിച്ച കെട്ടിടങ്ങളിലേക്ക് തിരികെ പ്രവേശിക്കരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏറ്റവും ശക്തമായ തുടർചലനത്തിന് 6.1 തീവ്രത രേഖപ്പെടുത്തി.
ദ്വീപിലെ നാഗേകിയോ മേഖലയിലാണ് ഭൂചലനം ഏറ്റവും കൂടുതൽ നാശം വിതച്ചത്. പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ രക്ഷാസേന ഊർജ്ജിതമാക്കിയിരിക്കുകയാണ്.
കിഴക്കൻ ഇന്തോനേഷ്യൻ തീരത്ത് നിന്ന് ഏകദേശം 68 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനം അനുഭവപ്പെട്ടതോടെ ആശുപത്രികളിൽ ചികിത്സയിലായിരുന്ന രോഗികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ പരിഭ്രാന്തരായി ഉയർന്ന പ്രദേശങ്ങളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
ഭൂകമ്പങ്ങളും അഗ്നിപർവ്വത സ്ഫോടനങ്ങളും പതിവായ പസഫിക് 'റിംഗ് ഓഫ് ഫയർ' മേഖലയിലാണ് ഇന്തോനേഷ്യ സ്ഥിതി ചെയ്യുന്നത്. മുൻപും സമാനമായ രീതിയിൽ വലിയ ഭൂചലനങ്ങളും സുനാമികളും ഇന്തോനേഷ്യൻ തീരങ്ങളിൽ ആയിരക്കണക്കിന് ആളുകളുടെ ജീവനെടുത്തിട്ടുണ്ട്.
sdfsfd

