തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് ആശ്വാസം; ഓണാഘോഷ ദിവസം സ്കൂൾ പരീക്ഷയില്ല, മാറ്റിവെച്ച പരീക്ഷ ഓണാവധിക്ക് ശേഷം
ശാരിക
തിരുവനന്തപുരം: ഓണാഘോഷ ദിവസം സംസ്ഥാനത്ത് വിദ്യാർത്ഥികൾക്ക് പരീക്ഷയുണ്ടാകില്ല. ഓഗസ്റ്റ് 21-ന് നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ സ്കൂൾ ഓണാവധിക്ക് ശേഷമായിരിക്കും നടക്കുക. ഈ പരീക്ഷ മാറ്റിവെയ്ക്കണമെന്ന ആവശ്യവുമായി അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ശക്തമായി രംഗത്തെത്തിയിരുന്നു.
ഓഗസ്റ്റ് 21-നാണ് സ്കൂളുകളിൽ ഓണാഘോഷം സംഘടിപ്പിക്കാനും അന്ന് തന്നെ ഓണാവധിക്കായി സ്ഥാപനങ്ങൾ അടയ്ക്കാനും തീരുമാനിച്ചിരുന്നത്. ഓണാഘോഷ പരിപാടികൾ നടക്കുന്ന അതേദിവസം വിദ്യാർത്ഥികൾ എങ്ങനെ പരീക്ഷയെഴുതുമെന്ന കാര്യത്തിൽ വലിയ ആശങ്ക നിലനിന്നിരുന്നു. എന്നാൽ പരീക്ഷ മാറ്റിവെച്ചതോടെ ആശങ്കകൾക്ക് പരിഹാരമാവുകയും വിദ്യാർത്ഥികൾക്ക് തടസ്സമില്ലാതെ ആഘോഷങ്ങളിൽ പങ്കാളികളാകാൻ വഴിയൊരുങ്ങുകയും ചെയ്തു.
ഓഗസ്റ്റ് 22 മുതൽ 30 വരെയാണ് സർക്കാർ സ്കൂളുകൾക്ക് ഓണാവധി പ്രഖ്യാപിച്ചിരിക്കുന്നത്. എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 13-ന് ആരംഭിച്ച് 20-ഓടെ പൂർത്തിയാകും. ഓഗസ്റ്റ് 21-ലെ ആഘോഷങ്ങൾക്ക് ശേഷം അടയ്ക്കുന്ന വിദ്യാലയങ്ങൾ ഓണാവധി കഴിഞ്ഞ് ഓഗസ്റ്റ് 31-നായിരിക്കും വീണ്ടും തുറന്നുപ്രവർത്തിക്കുക. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ 10 ദിവസത്തെ അവധിക്ക് പകരം 9 ദിവസത്തെ അവധി മാത്രമാണ് നൽകിയിട്ടുള്ളത്.
sdfsdf

