കൊച്ചിയിൽ ഓണത്തെ വരവേറ്റ് പൂവിപണി സജീവമായി: ചെണ്ടുമല്ലിക്കും മുല്ലപ്പൂവിനും വില കുത്തനെ കൂട്ടി, അത്തം അടുത്തതോടെ വൻ തിരക്ക്


ശാരിക

കൊച്ചി: ഓണത്തിന്റെ വരവറിയിച്ച് കൊച്ചിയിലെ പൂവിപണി സജീവമായി. അത്തത്തിന് മുന്നോടിയായി പൂക്കളമൊരുക്കാനുള്ള പൂക്കൾ തേടി ആളുകൾ വിപണിയിലെത്തി തുടങ്ങിയതോടെ വിൽപ്പനശാലകളിൽ തിരക്കേറി. ചെണ്ടുമല്ലി, ജമന്തി, അരളി, വാടാമല്ലി തുടങ്ങിയ പൂക്കൾക്കാണ് ആവശ്യക്കാർ ഏറെയുള്ളത്.

ഓണപ്പൂക്കളുടെ വില ഇത്തവണ സാധാരണക്കാരുടെ പോക്കറ്റ് കാലിയാക്കുന്ന നിലയിലാണ്. ഓണപ്പൂക്കളത്തിലെ പ്രധാന താരമായ ചെണ്ടുമല്ലിക്ക് ഓറഞ്ച് നിറത്തിന് കിലോയ്ക്ക് 150 മുതൽ 300 രൂപ വരെയും മഞ്ഞ നിറത്തിന് 150 മുതൽ 250 രൂപ വരെയുമാണ് വില. വെള്ള ജമന്തിക്ക് 150 മുതൽ 700 രൂപ വരെയാണ് വില. ആസ്ട്രോ ബ്ലൂ, പിങ്ക് ജമന്തികൾക്ക് 400 മുതൽ 700 രൂപ വരെയും ഈടാക്കുന്നുണ്ട്.

വയലറ്റ് വാടാമല്ലിക്ക് 250 മുതൽ 350 രൂപ വരെയാണ് വില. പിങ്ക് അരളിക്ക് 450 രൂപ മുതലാണ്. ചുവപ്പ് റോസാപ്പൂവിന് 400 മുതൽ 600 രൂപ വരെയും ഡച്ച് റോസിനും ഓറഞ്ച് റോസിനും 350 രൂപയുമാണ് വില.

പൂക്കളത്തിനൊപ്പം അലങ്കാരത്തിനാവശ്യമായ ഇലകൾക്കും ആവശ്യക്കാരുണ്ട്. പനീർ ലീഫ് അല്ലെങ്കിൽ ഗ്രീൻ ലീഫ് ഒരു കെട്ടിന് 100 രൂപയും കിലോയ്ക്ക് 200 രൂപയുമാണ്. ബൊക്കെ അലങ്കാരത്തിന് ഉപയോഗിക്കുന്ന കാമിനി ലീഫിന് 150 രൂപ മുതലാണ് വില. അലങ്കാരങ്ങൾക്ക് മാത്രമല്ല, ഇവ ഇപ്പോൾ പൂക്കളത്തിലും എത്താറുണ്ട്.

ബംഗളൂരു, കോയമ്പത്തൂർ, മൈസൂരു എന്നിവിടങ്ങളിൽ നിന്നാണ് കൊച്ചിയിലേക്ക് പ്രധാനമായും പൂക്കൾ എത്തുന്നത്. ഓണാഘോഷങ്ങളുടെയും പൂക്കള മത്സരങ്ങളുടെയും ഭാഗമായി വൻതോതിൽ പൂക്കൾ വാങ്ങാനെത്തുന്നവരുടെ എണ്ണം കൂടുന്നതിനാൽ വരും ദിവസങ്ങളിൽ വിലയും വിപണിയിലെ തിരക്കും ഇനിയും ഉയരാനാണ് സാധ്യതയെന്ന് വ്യാപാരികൾ പറയുന്നു.

ഇതിനിടെ മുല്ലപ്പൂവിനും വില കുത്തനെ ഉയർന്നു. കഴിഞ്ഞ ദിവസം വരെ ഒരു മുഴത്തിന് 40 രൂപയായിരുന്ന മുല്ലയ്ക്ക് ഇന്ന് 60 മുതൽ 80 രൂപ വരെയാണ് വില. പൂക്കളത്തിൽ മുല്ലയ്ക്ക് വലിയ ഡിമാൻഡ് ഇല്ലെങ്കിലും ചിങ്ങമാസത്തിലെ വിവാഹങ്ങൾക്കും ഓണപരിപാടികൾക്കും മുല്ലയ്ക്ക് ആവശ്യക്കാർ ഏറെയാണ്. ഓണത്തിരക്ക് കൂടുന്നതോടെ പൂവിപണിയിൽ വില ഇനിയും ഉയരുമോയെന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ.

article-image

xcvcxv

You might also like

  • Lulu Exchange
  • Straight Forward

Most Viewed