സൗകര്യം കുറവാണെങ്കിൽ യുഎസിലേക്ക് വരേണ്ടെന്ന് പ്രതിഷേധക്കാരോടു ട്രംപ്
വാഷിംഗ്ടണ്‍: അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കുന്ന കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ കുറവാണെന്ന വിമർശനങ്ങളിൽ പ്രതികരണവുമായി യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. കുടിയേറ്റക്കാർ യുഎസിലേക്കു വരാതിരുന്നാൽ പ്രശ്നം തീർന്നെന്നു ട്രംപ് ട്വീറ്റ് ചെയ്തു. അടിയന്തരമായി നിർമ്മിച്ച ഡിറ്റെൻഷൻ സെന്‍ററുകളിലെ സൗകര്യങ്ങളിൽ അനധികൃത കുടിയേറ്റക്കാർ അസന്തുഷ്ടരാണെങ്കിൽ ഇങ്ങോട്ടു വരേണ്ടെന്ന് അവരോടു പറയുക, പ്രശ്നങ്ങൾ എല്ലാം അവസാനിക്കും എന്നായിരുന്നു ട്രംപിന്‍റെ ട്വീറ്റ്.
ഡിറ്റെൻഷൻ സെന്‍ററുകളിലെ ജനബാഹുല്യം സംബന്ധിച്ച് ആഭ്യന്തരസുരക്ഷാ വകുപ്പ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഡിറ്റെൻഷൻ സെന്‍ററുകൾ സന്ദർശിച്ച ഡെമോക്രാറ്റിക് അംഗങ്ങൾ ഭരണകൂട നടപടികൾക്കെതിരേ വിമർശനമുയർത്തി. ഡിറ്റെൻഷൻ സെന്‍ററുകൾ അടച്ചുപൂട്ടാനും കുടിയേറ്റക്കാരെ വിട്ടയയ്ക്കാനും ട്രംപ് ഭരണകൂടത്തിനുമേൽ സമ്മർദം ശക്തമാണ്. ആയിരക്കണക്കിന് കുടിയേറ്റക്കാരെയാണ് ഇത്തരത്തിൽ ഡിറ്റെൻഷൻ സെന്‍ററുകളിൽ പാർപ്പിച്ചിരിക്കുന്നത്. ഇവിടെ ശുദ്ധജലമോ മരുന്നോ ലഭിക്കുന്നില്ലെന്നും രണ്ടാഴ്ചയായി കുളിക്കാൻ പോലും കഴിയാത്തവർ ഇവിടെയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

