കേരളത്തിൽ ഹർത്താൽ ഇല്ലാതെ കടന്നു പോയത് 129 ദിനങ്ങൾ
കൊച്ചി: കേരളത്തിൽ ഹർത്താലുകൾ ഇല്ലാതെ കടന്നുപോയത് 129 ദിനങ്ങൾ. കേരളത്തിൽ പ്രദേശികമായി പോലും ഹർത്താൽ ഇല്ലാത്ത 129− മത്തെ ദിവസമാണിന്ന്. ഇതിൽ തന്നെ 2016ന് ശേഷം ഇത് ആദ്യമായാണ് ഒരു ഹർത്താൽ പോലും ഇല്ലാതെ 3 മാസം (എപ്രിൽ, മെയ്, ജൂൺ) പൂർത്തിയാക്കുന്നത്. say no to harthal പ്രവർത്തകനായ മനോജ് രവീന്ദ്രനാണ് ഇത് സംബന്ധിച്ച കണക്കുകൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
കേരളത്തിൽ അവസാനമായി ഹർത്താൽ നടന്നത് മാർച്ച് 3നാണ്. കൊല്ലത്തെ ചിതറ പഞ്ചായത്തിൽ സിപിഎം പ്രവർത്തകനെ കുത്തിക്കൊന്നതിന്‍റെ പേരിലുള്ള പ്രദേശിക ഹർത്താൽ.
അതേ സമയം ലോക്സഭ തെരഞ്ഞെടുപ്പ് വന്നതും. ഹർത്താലിന്‍റെ കാര്യത്തിൽ ഹൈക്കോടതി സുപ്രധാന ഇടക്കാല വിധി വന്നതും ഹർത്താൽ കുറയാൻ കാരണമായിരിക്കാം എന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. ഏഴ് ദിവസം മുന്നേ നോട്ടീസ് കൊടുക്കാതെ ഹർത്താൽ ആഹ്വാനം ചെയ്യാൻ പാടില്ലെന്ന ഹൈക്കോടതി ഇടക്കാല വിധി വന്നതിന് ശേഷം രണ്ട് ഹർത്താലുകൾ മാത്രമാണ് നടന്നത്. അതിലൊന്ന് ആഹ്വാനം ചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീൻ കുര്യാക്കോസിനെതിരെ കോടതി കേസ് എടുക്കുകയും ചെയ്തു.

