രണ്ടായിരത്തിലേറെ എംപാനൽ ഡ്രൈവർമാരെ പിരിച്ചു വിട്ടു: കെ.എസ്.ആർ.ടി.സി പ്രതിസന്ധിയിൽ
കെ.എസ്.ആർ.ടി.സിയിൽ 2107 എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ടു. സുപ്രീംകോടതി അനുവദിച്ച സമയം കഴിഞ്ഞതോടെയാണ് നടപടി. സംസ്ഥാനത്ത് ഞായറാഴ്ച 250 സർവ്‍വീസുകൾ മുടങ്ങിയതായാണു റിപ്പോർട്ട്. തിങ്കളാഴ്ചയോടെ സംസ്ഥാനത്ത് 600−ൽ അധികം സർവ്‍വീസുകൾ റദ്ദാക്കേണ്ടി വരുമെന്നാണ് കെ.എസ്.ആർ.ടി.സി പറയുന്നത്. തെക്കൻ ജില്ലകളിൽ പ്രതിസന്ധി രൂക്ഷമാകും. ഇത് മറികടക്കാൻ ജീവനക്കാരുടെ അവധി വെട്ടിക്കുറച്ച് ക്രമീകരണം നടത്താനാണ് കെ.എസ്.ആർ.ടി.സി ലക്ഷ്യമിടുന്നത്.
പി.എസ്.സി റാങ്ക് ഹോൾഡർമാരുടെ പരാതിയിൽ എംപാനൽ കണ്ടക്ടർമാർക്ക് പിന്നാലെ എംപാനൽ ഡ്രൈവർമാരെയും പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഡ്രൈവർമാരെ ഏപ്രിലിൽ പിരിച്ചുവിടണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാൽ വിധി നടപ്പാക്കൻ സുപ്രീംകോടതി ജുൺ 30 വരെ സാവകാശം അനുവദിക്കുകയായിരുന്നു. വിധി നടപ്പാക്കിയ ശേഷം കണ്ടക്ടർമാരെ നിയോഗിച്ചത് പോലെ ലീവ് വേക്കൻസിയിൽ ഡ്രൈവർമാരെയും നിയോഗിച്ചേക്കും. തിരുവനന്തപുരം മേഖലയിൽ 1479, മധ്യമേഖലയിൽ 257, വടക്കൻ േമഖലയിൽ 371 എന്നിങ്ങനെയാണു താത്കാലിക ഡ്രൈവർമാരെ ഒഴിവാക്കിയത്.

