ദേവസ്വം ബോർഡിൽ ദളിത് പങ്കാളിത്തം: കൊടിക്കുന്നിലിന്റെ ആവശ്യം പരിഗണിക്കുമെന്ന് കെ. മുരളീധരൻ
ഷീബ വിജയൻ
തിരുവനന്തപുരം: ദളിതരെ ദേവസ്വം ബോർഡ് പ്രസിഡന്റാക്കണമെന്ന കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷിന്റെ അഭിപ്രായം പരിഗണിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ. കൊടിക്കുന്നിൽ പാർട്ടിയിലെ സീനിയർ നേതാവാണ്. അദ്ദേഹത്തിന്റെ അഭിപ്രായം തള്ളിക്കളയാനാകില്ലെന്നും മന്ത്രി പറഞ്ഞു. നിലവിലെ ദേവസ്വം ബോർഡിന് ഇനി ഒരു വർഷം കൂടി കാലാവധിയുണ്ട്. അത് കഴിഞ്ഞ ശേഷം ആലോചിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോർഡുകളിൽ ഒന്നിന്റെയെങ്കിലും പ്രസിഡന്റ് പദവി പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഒരാൾക്ക് നൽകി വി.ഡി. സതീശൻ സർക്കാർ ചരിത്രം തിരുത്തണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. ചുരുങ്ങിയത് ഒരു ടേമെങ്കിലും ഈ പദവി നൽകാൻ സർക്കാർ തയ്യാറാകണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അയ്യങ്കാളി ജയന്തി പരിപാടിയിൽ ദേവസ്വം മന്ത്രി കെ. മുരളീധരനെ വേദിയിലിരുത്തിയായിരുന്നു എം.പിയുടെ ഈ ആവശ്യം. മുതിർന്ന നേതാവായ കൊടിക്കുന്നിൽ സുരേഷിന്റെ ഒരാവശ്യവും താൻ ഒരിക്കലും തള്ളിക്കളയാറില്ലെന്ന് മന്ത്രി മുരളീധരൻ പ്രതികരിച്ചു.
അദ്ദേഹത്തിന്റെ പിതാവ് കെ. കരുണാകരന്റെ മന്ത്രിസഭയിൽ അന്നത്തെ ഹരിജന ക്ഷേമ മന്ത്രി ദലിത് വിഭാഗത്തിൽ നിന്നുള്ള വെള്ള ഈച്ചരനെയാണ് ദേവസ്വം മന്ത്രിയാക്കിയത്. അത് വളരെ സ്വാഗതാർഹമായ കാര്യമാണ്. അതിനുശേഷം അടുത്ത കാലത്ത് ഇടതുപക്ഷ മന്ത്രിസഭയിലാണ് നമ്മുടെ വിഭാഗത്തിലുള്ള ഒരു മന്ത്രി ഉണ്ടായത്. പക്ഷേ ദേവസ്വം ബോർഡ് പ്രസിഡന്റുമാരെ നമുക്ക് ലഭിച്ചിട്ടുണ്ടോ? തിരുവിതാംകൂർ, കൊച്ചി, മലബാർ, ഗുരുവായൂർ, കൂടൽമാണിക്യം എന്നീ അഞ്ചു ദേവസ്വം ബോർഡുകൾ നമുക്കുണ്ട്. അവിടെയല്ലാം മരുന്നിന് പോലും ഒരാളില്ല. എന്തുകൊണ്ട് ഈ ദേവസ്വം ബോർഡുകളിൽ ഒരു ചെയർമാൻ സ്ഥാനം, അല്ലെങ്കിൽ ഒരു പ്രസിഡന്റ് സ്ഥാനം ഒരു പട്ടികജാതിക്കാരന് കൊടുത്തുകൂടാ? ഒരു ടേം എങ്കിലും കൊടുക്കണ്ടേ? അത് ഞങ്ങളുടെ അവകാശമല്ലേ? അത് ആരുടെയും ഔദാര്യമല്ല, ഞങ്ങളുടെ അവകാശമാണ്. അതുകൊണ്ട് ദേവസ്വം മന്ത്രി കൂടി ഇരിക്കുന്ന ഈ വേദിയിൽ വെച്ച് ഞാൻ പറയുന്നു, മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനത്തിൽ ഞാൻ പറയുന്നു, എല്ലാത്തിനും മാറ്റങ്ങൾ വരുത്തുവാൻ ശ്രമിക്കുന്ന, അല്ലെങ്കിൽ ഒരു പുതിയ യുഗത്തിലേക്ക് പോകാൻ ശ്രമിക്കുന്ന വി.ഡി. സതീശൻ ഗവൺമെന്റ് തീർച്ചയായും ചരിത്രം തിരുത്തി എഴുതണം. ഞങ്ങൾക്ക് ഈ അഞ്ചു ദേവസ്വം ബോർഡിൽ എവിടെയെങ്കിലും ഒരു പ്രസിഡന്റ് സ്ഥാനം ഒരു ടേമെങ്കിലും തരണം. എല്ലാ കാലത്തും വേണം എന്ന് ഞങ്ങൾ പറയുന്നില്ല. ആ പദവിയിൽ ഇരിക്കാൻ ഞങ്ങൾക്ക് അർഹതയുണ്ട്, അത് പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കൊടിക്കുന്നിൽ ഉന്നയിച്ച ഒരു കാര്യവും താൻ തള്ളിക്കളയാറില്ലെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ ആവർത്തിച്ചു. ഒരു കൊല്ലത്തേക്ക് ഇപ്പോഴത്തെ സ്റ്റാറ്റ്യൂട്ടറി ബോർഡിന് കാലാവധിയുണ്ട്. അതിനിടയ്ക്ക് നമുക്ക് ആലോചിക്കാൻ സമയമുണ്ട്. ഒരു വർഷത്തിനുശേഷം പരിഗണിക്കും. അദ്ദേഹം ഒരു സീനിയർ നേതാവ് കൂടിയായതുകൊണ്ട് പറയുന്നതിനെ തള്ളാൻ ഗവൺമെന്റിന് കഴിയില്ല. ഏതായാലും ആലോചിക്കാം. ഇപ്പോഴത്തെ എല്ലാ ചെയർമാന്മാർക്കും സ്റ്റാറ്റ്യൂട്ടറി അനുസരിച്ച് ഒരു കൊല്ലത്തിന് മേലെയുണ്ട്, കൊച്ചി മാത്രമാണ് എട്ടു മാസം ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.
dfsdffdsdf

