രാജ്കുമാറിന്‍റെ മരണം: കസ്റ്റഡി മർദ്ദനം സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്
ഇടുക്കി: പീരുമേട് സബ്‍ ജയിലിൽ റിമാൻഡിലിരിക്കെ സാന്പത്തിക തട്ടിപ്പ് കേസ് പ്രതി രാജ്‍കുമാർ മരിച്ച സംഭവത്തിൽ കസ്റ്റഡി മർദ്ദനം ഉണ്ടായിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്. നെടുങ്കണ്ടം േസ്റ്റഷനിലെ കസ്റ്റഡി അന്യായമെന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. േസ്റ്റഷൻ രേഖകളും സി.സി.ടി.വി ദൃശ്യങ്ങളും സംഘം പരിശോധിച്ചു. കേസിൽ അന്വേഷണസംഘം ശാസ്ത്രീയ പരിശോധനകൾ ഉടൻ തുടങ്ങും. പ്രത്യേക സംഘം മൂന്നായി തിരിഞ്ഞായിരിക്കും അന്വേഷണം നടത്തുക.
അതേ സമയം രാജ്കുമാറിനെ നെടുങ്കണ്ടം സ്‌റ്റേഷനിൽ നാല് ദിവസം കസ്റ്റഡിയിൽ വച്ചത് ഇടുക്കി എസ്പിയുടെയും കട്ടപ്പന ഡിവൈഎസ്പിയുടെയും അറിവോടെയെന്നാണ് പുറത്തു വരുന്ന പുതിയ വിവരം. ഈ മാസം 16ന് പുലർച്ചെയാണ് അറസ്റ്റു രേഖപ്പെടുത്തിയശേഷം രാജ്കുമാറിനെ മജിസ്‌ടേറ്റിന്റെ മുന്നിൽ കുമാറിനെ ഹാജരാക്കിയത്. ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ വരുന്ന ജില്ലാ സ്‌പെഷൽ ബ്രാഞ്ച് പ്രതി ശാരീരികമായി അവശനിലയാണ് എന്ന് 13നും 14നും രണ്ടു തവണ മേലുദ്യോഗസ്ഥർക്കു റിപ്പോർട്ട് നൽകിയിരുന്നു. ഇത് അവഗണിച്ചാണ് രണ്ടു ദിവസം കൂടി സ്‌റ്റേഷനിൽ പാർപ്പിച്ചത്.
പോലീസുകാർക്കെതിരെ മാത്രം നടപടി വന്നതോടെ പോലീസിലെ തന്നെ ഒരു വിഭാഗം കുമാറിന്റെ അവശത സംബന്ധിച്ചു സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്ത വിവരം പുറത്തു വിടുകയായിരുന്നു. കൊല്ലപ്പെട്ട രാജ്കുമാറിന്റെ മരണത്തിൽ പീരുമേട് സബ് ജയിൽ അധികൃതർക്കു പങ്കുണ്ടെന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. രാജ്കുമാറിനു തുടർ ചികിൽസ നൽകാൻ ജയിൽ അധികൃതർ തയാറായില്ല. മൂത്രത്തിൽ രക്തം കണ്ടതോടെയാണു പീരുമേട് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ രാജ്കുമാറിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തത്.
ഇടുക്കി തൂക്കുപാലത്തെ വായ്പ തട്ടിപ്പ് കേസിൽ പീരുമേട് ജയിലിൽ റിമാൻഡിലായിരുന്ന ഇടുക്കി കോലാഹലമേട് സ്വദേശി രാജ്‍കുമാർ ജൂൺ 21നാണ് മരിച്ചത്. രാജ്‍കുമാറിന് മർദ്ദനമേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരണം ഉണ്ടായിരുന്നു.

